• admin

  • June 6 , 2021

ന്യൂഡൽഹി : കോവിഡ് വാക്സിൻ ലഭ്യമാക്കാതെ കേന്ദ്രസർക്കാർ ബ്ലൂ ടിക്കിനായി ട്വിറ്ററുമായി പോരാട്ടം നടത്തുകയാണെന്ന് പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായി ഉപരാഷ്ട്രപതി അടക്കമുള്ളവരുടെ അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് നീക്കംചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ ട്വിറ്ററിലൂടെയുള്ള വിമർശനം. രാജ്യം കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്സിനായി നെട്ടോട്ടമോടുമ്പോൾ സർക്കാർ ട്വിറ്ററിലെ ബ്ലൂ ടിക്കിനുവേണ്ടി യുദ്ധംചെയ്യുകയാണ്. വാക്സിൻ ലഭിക്കണമെങ്കിൽ ഓരോരുത്തരും സ്വയംപര്യാപ്തർ (ആത്മനിർഭർ) ആകേണ്ട ആവസ്ഥയാണുള്ളതെന്നും രാഹുൽ പരിഹസിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള ആർ.എസ്.എസ്. നേതാക്കളുടെയും വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ടിക് ട്വിറ്റർ ശനിയാഴ്ച നീക്കിയിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. ആറുമാസമായി അപൂർണമോ നിഷ്ക്രിയമോ ആയിരിക്കുന്ന അക്കൗണ്ടുകളിലെ ബ്ലൂ ടിക് സ്വാഭാവികമായി നീക്കം ചെയ്യപ്പെടുമെന്നും അതാണ് കമ്പനിയുടെ നയമെന്നും ട്വിറ്റർ വിശദീകരിച്ചു. പ്രമുഖ വ്യക്തികളുടെ ആധികാരികവും ശ്രദ്ധേയവും സക്രിയവുമായ അക്കൗണ്ടുകൾക്കാണ് സമൂഹികമാധ്യമങ്ങൾ ബ്ലൂ ബാഡ്ജ് നൽകുന്നത്. അതിനിടെ, ഇന്ത്യ ആസ്ഥാനമായി ഓഫീസർമാരെ നിയമിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാലിച്ചില്ലെങ്കിൽ, ബാധ്യതകളിൽനിന്നൊഴിയാൻ പുതിയ നിയമപ്രകാരമുള്ള അവസരം ഇല്ലാതാകുമെന്ന് ശനിയാഴ്ച ഐ.ടി. മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചിട്ടുണ്ട്