• Lisha Mary

  • April 16 , 2020

ന്യൂഡല്‍ഹി :

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് ചൈനയില്‍ നിന്നുളള പരിശോധന കിറ്റുകള്‍ ഇന്ന് രാജ്യത്തെത്തും. 6.5 ലക്ഷം കിറ്റുകളാണ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഇതുള്‍പ്പെടെ 20 ലക്ഷം കിറ്റുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ചൈനയിലുളള ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

രാജ്യത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നതാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യം. ഇത് കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. 20 ലക്ഷം പരിശോധന കിറ്റുകള്‍ 15 ദിവസത്തിനകം ഇന്ത്യയില്‍ എത്തും. ഇതില്‍ 6.5 ലക്ഷം കിറ്റുകളാണ് ചൈന ഇന്ത്യയിലേക്ക് ഇന്ന് കയറ്റി അയച്ചത്. റാപ്പിഡ് ആന്റി ബോഡി പരിശോധനാ കിറ്റും ആര്‍എന്‍എ വേര്‍തിരിക്കുന്ന മെഡിക്കല്‍ കിറ്റുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ചൈനയിലെ ഗ്വാങ്‌ഷോ വിമാനത്താവളത്തില്‍ നിന്നാണ് കിറ്റുകള്‍ കയറ്റി അയച്ചത്.

കോവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് അനുദിനം വര്‍ധിച്ചു വരികയാണ്. കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇതിന് പുറമേ വെന്റിലേറ്റര്‍ അടക്കമുളള മെഡിക്കല്‍ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.