• Lisha Mary

  • March 15 , 2020

വയനാട് : വയനാട് ജില്ലയിലെ ചെക്‌പോസ്റ്റുകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൊറോണ പരിശോധന തുടങ്ങി. 12 ചെക്‌പോസ്റ്റുകളില്‍ മൂന്ന് ഷിഫ്റ്റുകളിലായി 36 ടീമുകളെയാണ് പ്രാഥമിക പരിശോധനയ്ക്ക് നിയോഗിച്ചിരിക്കുന്നത്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങയ്ക്ക് സമീപം മൂലഹള്ളയില്‍ കര്‍ണാടക ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നുണ്ട്. ഇതിന് പുറമേയാണ് ജില്ലയിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ മുത്തങ്ങയില്‍ പരിശോധന നടത്തുന്നത്. ഇന്ന് മുതല്‍ മുഴുവന്‍ ചെക്‌പോസ്റ്റുകളിലും പരിശോധന തുടങ്ങാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ച പശ്ചാത്തലത്തില്‍ അവിടെയുള്ള വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ നിരീക്ഷണത്തില്‍ കഴിയണം. പ്രാഥമിക ഘട്ടത്തില്‍ പരിശോധനകള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാരെ ഉപയോഗിക്കേണ്ടെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. നിലവില്‍ പന്ത്രണ്ട് ചെക്‌പോസ്റ്റുകളിലും മൂന്ന് ഷിഫ്റ്റുകളിലായി മെഡിക്കല്‍ ടീമിനെ നിയോഗിച്ചാല്‍ അത് ആരോഗ്യവകുപ്പിനെയാകെ ബാധിക്കും. അതിനാല്‍ ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാര്‍, പോലീസ്, പഞ്ചായത്ത് ദുരന്തനിവാരണ വൊളന്റിയര്‍മാര്‍, മോട്ടോര്‍ വാഹനവകുപ്പ് ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ഇതിനായി നിയോഗിക്കുക. ഇവര്‍ക്കുള്ള പരിശീലനം അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. പ്രധാന ചെക്‌പോസ്റ്റുകളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘവും ഉണ്ടാകും. വയോമിത്രം, ട്രൈബല്‍ മൊബൈല്‍ ക്ലിനിക് പദ്ധതികളിലെ ഡോക്ടര്‍മാരെ ഇതിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ശരീരോഷ്മാവ് അളക്കുന്ന തെര്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് യാത്രക്കാരെ നിരീക്ഷിക്കുകയും ബോധവത്കരണം നല്‍കുകയും ചെയ്യും. ഇതിനായി 12 തെര്‍മല്‍ സ്‌കാനറുകള്‍ ജില്ലയിലെത്തിക്കും. ഇതിന് പുറമെ ബി.പി. അപ്പാരറ്റസ്, ആവശ്യമെങ്കില്‍ പ്രധാന ചെക്‌പോസ്റ്റുകളില്‍ ആംബുലന്‍സ് എന്നിവയും സജ്ജമാക്കും. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ താത്പര്യപ്പെട്ടാല്‍ ചെക്‌പോസ്റ്റുകളില്‍ ഉള്‍പ്പടെ നിയമിക്കുന്നതിന് സഹായകമാകും. ഇതിനുള്ള ശ്രമങ്ങളും അടുത്ത ദിവസങ്ങളില്‍ ഉണ്ടാകും.