• Lisha Mary

  • April 5 , 2020

മാഡ്രിഡ് : സ്പെയിനില്‍ കൊറോണബാധിതരുടെ എണ്ണം 120,000 കടന്നു. 12000 പേരാണ് ആകെ മരിച്ചവരുടെ എണ്ണം. കൊറോണയ്ക്കെതിരെ കടുത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ സ്പെയിനില്‍ നിസ്സഹായരായിരിക്കുകയാണ് കെയര്‍ഹോമുകളിലേയും മറ്റും പ്രായമായ ആളുകള്‍. ശ്വാസകോശ സംബന്ധമായ രോഗമടക്കം ബാധിച്ചവരാണ് മിക്കവരും. പലവീടുകളിലും പ്രായമായ ആളുകളെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും പലരും ബെഡില്‍ മരിച്ച് കിടക്കുന്നതായി സൈന്യം കണ്ടെത്തിയെന്നും കഴിഞ്ഞദിവസം ഒരു സ്പാനിഷ് മന്ത്രി വ്യക്തമാക്കിയിരുന്നു. കൊറോണ രോഗികളാല്‍ ആശുപത്രികള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഏത് രോഗം ബാധിച്ച് എത്തിയാലും ആശുപത്രികളെല്ലാം പ്രായമായവരെ പിന്തിരിപ്പിക്കുകയാണ്. പരിചരണ കേന്ദ്രങ്ങളിലാണെങ്കില്‍ ആവശ്യമായ ജീവനക്കാരോ വേണ്ടവിധത്തിലുള്ള ഉപകരണങ്ങളോ ഇല്ല. തീവ്രപരിചരണ വിഭാഗങ്ങളിലൊന്നും ഇവരെ പ്രവേശിപ്പിക്കില്ല. മയക്കികിടത്തുക മാത്രമാണ് ചെയ്യുന്നത്. ജീവന്‍ രക്ഷിക്കുന്നതിനുള്ള ഒരു ശ്രമവും നടത്തുന്നില്ല. ആശുപത്രികള്‍ ചെറുപ്പക്കാരുടെ കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. കൊറോണ രോഗികളുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്നിരിക്കുകയാണ് സ്പെയിന്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മാഡ്രിഡിലെ നഴ്സിങ് ഹോമുകളിലുണ്ടായ 3000 മരണങ്ങളില്‍ രണ്ടായിരവും കൊറോണരോഗം ബാധിച്ചാണ്. എന്നാല്‍ പരിശോധനകളൊന്നും ഇവിടെ നടക്കാത്തതിനാല്‍ ഔദ്യോഗിക കണക്കുകളിലൊന്നും ഇവ ഉള്‍പ്പെടുന്നില്ലെന്ന് സ്പെയിനിലെ പ്രദേശിക നേതാവ് ഇസബെല്‍ ഡയസ് അയിസോ പറഞ്ഞു. മാഡ്രിലെ ഒരു പരിചരണ കേന്ദ്രത്തില്‍ മാത്രം മാര്‍ച്ച് 15-ന് ശേഷം 46 മരണങ്ങളുണ്ടായിട്ടുണ്ട്.