• admin

  • January 9 , 2020

: വിജയവാഡ: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ റാലി നടത്തിയതിന് ടിഡിപി അധ്യക്ഷനും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയുടെ തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ബുധനാഴ്ച രാത്രിയില്‍ വിജവാഡയില്‍ പ്രതിഷേധ റാലി നടത്തുന്നതിന് ഇടയിലായിരുന്നു അറസ്റ്റ്. നായിഡുവിനൊപ്പം നിരവധി ടിഡിപി നേതാക്കളേയും അറസ്റ്റ് ചെയ്തിരുന്നു . എല്ലാ നേതാക്കളേയും മണിക്കൂറുകള്‍ക്കു ശേഷം വെറുതെവിട്ടു. അതേസമയം, നായിഡുവിന്റെ അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ടിഡിപി പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിഷേധം മുന്നില്‍കണ്ട് ഗുണ്ടൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍നിന്നുള്ള ടിഡിപി എംപിമാരെ പോലീസ് കഴിഞ്ഞ ദിവസം വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റുന്നതിനെതിരേ സംസ്ഥാനത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാണ്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് നായിഡുവിന്റെ നേതൃത്വത്തില്‍ ടിഡിപി രംഗത്തെത്തിയത്. ആന്ധ്ര വിഭജനത്തിനുശേഷം അധികാരത്തിലേറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി സര്‍ക്കാരാണ് അമരാവതി തലസ്ഥാനമായി തിരഞ്ഞെടുത്തത്. അമരാവതിയെ തലസ്ഥാനമാക്കാനായി തങ്ങളുടെ കൃഷിഭൂമി വിട്ടുനല്‍കിയ കര്‍ഷകരാണ് സമര രംഗത്തുള്ളത്.