• admin

  • January 28 , 2020

ന്യൂഡല്‍ഹി : 2002-ലെ ഗുജറാത്ത് കലാപത്തില്‍ പ്രതികളായ 14 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഗുജറാത്തില്‍ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണം തുടങ്ങിയ ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പതിനാലു പേരെ രണ്ടു സംഘങ്ങളാക്കി ഇന്‍ഡോറിലേക്കും ജബല്‍പുരിലേക്കും അയയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അവിടെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്കു തൊഴില്‍ കണ്ടെത്താനാവുമോയെന്ന് പരിശോധിക്കാന്‍ ഭോപ്പാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. ആഴ്ചയില്‍ ആറു മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണമെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിര്‍ദേശിച്ചു. മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സെമിനാറുകളിലോ കോഴ്സുകളിലോ പങ്കെടുക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. 2002 ഫെബ്രുവരി 27 ന് ഗോധ്രയിലെ സബര്‍മതി എക്സ്പ്രസിന് തീവെച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപിച്ച കലാപത്തില്‍ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തകേസിലെ പ്രതികളാണ് ഇവര്‍. ഇന്‍ഡോറിലെ ജയിലിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.