• Lisha Mary

  • April 11 , 2020

അഹമ്മദാബാദ് : ഗുജറാത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 432ആയി. 54പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ 1593 ടെസ്റ്റുകള്‍ നടത്തിയതില്‍ 124പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1187പേര്‍ക്ക് കോവിഡ് ഇല്ലെന്ന് വ്യക്തമായി. അഹമ്മദാബാദിലും വഡോദരയിലുമാണ് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അഹമ്മദാബാദില്‍ 228ഉം വഡോദരയില്‍ 77കേസുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19 പേരാണ് ഇതിനോടകം അസുഖം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതിനിടെ, ലോക്ക്ഡൗണ്‍ നീട്ടുമെന്ന ഭീതിയില്‍ ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ അക്രമം അഴിച്ചുവിട്ടു. സൂറത്തിലാണ് സംഭവം. റോഡുകള്‍ തടഞ്ഞ തൊഴിലാളികള്‍ എതിര്‍ക്കാന്‍ വന്നവരെ കല്ലേറിഞ്ഞ് ഓടിച്ചു. സംഭവുമായി ബന്ധപ്പെട്ട് 70ഓളം ആളുകളെ കസ്റ്റഡിയിലെടുത്തതായി സൂറത്ത് ഡിസിപി രാകേഷ് ബറോട്ട് പറഞ്ഞു. വീടുകളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്നാണ് അവരുടെ മുഖ്യ ആവശ്യം. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകളാണ് ഇവരെ പ്രകോപിതരാക്കിയതെന്നും പോലീസ് പറയുന്നു.