• Lisha Mary

  • April 21 , 2020

അഹമ്മദാബാദ് : ഗുജറാത്തില്‍ കോവിഡ് മരണം ഉയരുന്നു. ആറുപേര്‍ കൂടി കൊറോണ വൈറസ് ബാധയ്ക്ക് മുന്‍പില്‍ കീഴടങ്ങിയതോടെ, ഗുജറാത്തില്‍ മരണസംഖ്യ 77 ആയി. 127 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2066 ആയി. ഇതുവരെ 131 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 1336 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 47 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആയിരത്തിലേറെ കേസുകള്‍ കൂടി കണ്ടെത്തിയതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 18,000 കടന്നു. 18,601 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. 590 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3252 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4666 ആയി. ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം യഥാക്രമം 2081, 1576, 1520, 1485 എന്നിങ്ങനെയാണ്.