• admin

  • January 29 , 2020

തിരുവനന്തപുരം : പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് ആരംഭിക്കും. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരായ സര്‍ക്കാരിന്റെ അഭിപ്രായം ഗവര്‍ണര്‍ സഭയില്‍ വായിച്ചേക്കില്ലെന്നാണ് സൂചന. സര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാത്ത കാര്യങ്ങള്‍ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വായിക്കേണ്ട നിയമപരമായ ബാധ്യത തനിക്കില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം, മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കില്‍ ഗവര്‍ണര്‍ക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം എന്ന് ഗവര്‍ണറും വാദിക്കുന്നു. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെയാണ് ഇന്നത്തെ സഭാ നടപടികളെ ഉറ്റുനോക്കുന്നത്. പത്ത് ദിവസത്തേക്കാണ് പതിനെട്ടാം സമ്മേളനം ചേരുന്നത്. അതില്‍ നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നിയമനിര്‍മ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്. 30ന് സഭാസമ്മേളനം ഒഴിവാക്കിയിട്ടുണ്ട്. പതിനാലാം നിയമസഭയിലെ അംഗമായിരുന്ന മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധിച്ച് റഫറന്‍സ് നടത്തി 31ന് സഭ പിരിയും. 2020-21 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും. കടലാസ്രഹിത നിയമസഭ എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ഇ-നിയമസഭയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സമ്മേളനത്തില്‍ തുടക്കം കുറിക്കും. അതിന്റെ ഭാഗമായി ഗവര്‍ണ്ണറുടെ പ്രസംഗവും ബജറ്റ് പ്രസംഗവും ഡിജിറ്റല്‍ രൂപത്തില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്. എന്നാലും മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്നതുപോലെ പകര്‍പ്പുകള്‍ കടലാസ് രൂപത്തില്‍ ഈ സമ്മേളനകാലത്തും അംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കും. നടപടികള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഫെബ്രുവരി 12ന് അവസാനിക്കും.