• Lisha Mary

  • March 18 , 2020

: ശരിക്കും ഈ ക്വാറന്റൈന്‍ അല്ലെങ്കില്‍ ഐസൊലേഷന്‍ ഭയക്കേണ്ടതോ, ഒളിച്ചോടേണ്ടതോ ആയ ഒന്നാണോ? എന്താണ് യഥാര്‍ത്ഥത്തില്‍ ഈ പ്രക്രിയയ്ക്ക് വിധേയമാവുന്നവര്‍ക്കു സംഭവിക്കുക? ഇതൊരു പ്രയാസമേറിയ പ്രക്രിയയാണോ? ഇനി എനിക്കോ വേണ്ടപ്പെട്ടവര്‍ക്കോ ഇതിനു വിധേയമാവേണ്ടി വരുമോ? വന്നാല്‍ എങ്ങനെ ആവും? എന്നൊക്കെയുള്ള ഒരു പിടി ചോദ്യങ്ങള്‍ ഏവരുടെയും മനസ്സില്‍ ഉണ്ടാവും. അതിനു ഉത്തരം തരാന്‍ ശ്രമിക്കുകയാണ് ഇന്‍ഫോക്ലിനിക്. എന്താണ് ക്വാറന്റൈന്‍? ഏതെങ്കിലും അണുബാധ ശരീരത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള, എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത ആളുകളെ പൊതു സമൂഹത്തില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തുന്നതിനെയാണ് ക്വാറന്റൈന്‍ എന്ന് വിളിക്കുന്നത്. മറ്റുള്ളവരിലേക്ക് അണുബാധ പകരാതിരിക്കാനുള്ള പ്രതിരോധ നടപടിയാണിത്. കോവിഡ് 19 ന്റെ പശ്ചാത്തലില്‍ ആര്‍ക്കൊക്കെ ക്വാറന്റൈന്‍ വേണം? 1. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ എല്ലാവര്‍ക്കും. 2. കോവിഡ് രോഗം സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവര്‍ക്കും ഇവരിലെ പ്രത്യേകിച്ച് അസുഖ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവരും ക്വാറന്റൈനില്‍ കഴിയണോ? വേണം. നമ്മുടെ ശരീരത്തില്‍ ഒരു അണു പ്രവേശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ പുറത്ത് വരാന്‍ കുറച്ച് ദിവസങ്ങള്‍ എടുക്കും. ആ സമയം അയാള്‍ അറിയാതെ അണുക്കളെ ശരീരത്തില്‍ നിന്നും പുറംതള്ളാം. ഈ അണുക്കള്‍ മറ്റൊരാളെ രോഗിയാക്കാം. അതു കൊണ്ടാണ് ഒരു ലക്ഷണവുമില്ലെങ്കിലും ക്വാറന്റൈനില്‍ ഇരിക്കാന്‍ പറയുന്നത്. എത്ര കാലം? അണു പ്രവേശിച്ച് ലക്ഷണങ്ങള്‍ പുറത്തു വരാനുള്ള പരമാവധി സമയം, കോവിഡിന്റെ കാര്യത്തില്‍ 14 ദിവസമാണത്. എന്താണ് ഐസൊലേഷന്‍? മറ്റൊരാള്‍ക്ക് പകരാന്‍ സാദ്ധ്യതയുള്ള അണുബാധയുള്ള ഒരു രോഗിയെ മറ്റുള്ളവരുമായി സമ്പര്‍ക്കം വരാതെ പാര്‍പ്പിക്കുന്നതാണ് ഐസൊലേഷന്‍. ഐസൊലേഷനില്‍ ആക്കുന്ന ആള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട് എന്നതാണ് വ്യത്യാസം. ഐസൊലേഷന്‍ സംവിധാനങ്ങള്‍ ആശുപത്രിയില്‍ മാത്രമല്ലേ? അല്ല. ഗുരുതരമല്ലാത്ത രോഗമാണെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കുകയാണെങ്കിലും വീട്ടിലോ ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലോ ഐസൊലേറ്റ് ചെയ്യാം. ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉള്ള ആളുകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

  1. സൗകര്യമുള്ള വീടാണെങ്കില്‍, ബാത്‌റൂം സൗകര്യമുള്ള ഒരു മുറി അയാള്‍ക്ക് അനുവദിച്ചു കൊടുക്കുക.
  2. ഏറ്റവും വായുസഞ്ചാരം കൂടിയ മുറിയാണ് ഉത്തമം. ജനലുകള്‍ തുറന്നു വായു സഞ്ചാരം ഉറപ്പു വരുത്തുക.
  3. റൂമിന്റെ കൂടെ ശുചിമുറി കൂടിയുള്ളതാണ് ഏറ്റവും നല്ലത്.
  4. ഭക്ഷണം ആ മുറിയിലേക്കെത്തിച്ചു കൊടുക്കുക. പ്ലേറ്റും ഗ്ലാസ്സും അവര്‍ക്കു വേണ്ടി വേറെ കരുതുക. ഭക്ഷണം പങ്കിടരുത്.
  5. വസ്ത്രങ്ങള്‍, ടവല്‍, കിടക്കവിരി തുടങ്ങിയവ ഉപയോഗശേഷം പ്രത്യേകം അലക്കി ഉണക്കുക. കഴിയുമെങ്കില്‍ ആ മുറിയില്‍ ഒരു ബക്കറ്റില്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി തയ്യാറാക്കി വെച്ച് വസ്ത്രങ്ങളെല്ലാം അതിലേക്ക് നിക്ഷേപിക്കാന്‍ പറയാം. അതില്‍ നിന്ന് നേരെ എടുത്ത് അലക്കി ഉണക്കാം.
  6. രോഗി ഭക്ഷണത്തിനു മുന്‍പും ശേഷവും, ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷവും, തുമ്മുമ്പോഴോ ചുമക്കുമ്പോഴോ കയ്യില്‍ സ്രവങ്ങള്‍ പറ്റാന്‍ സാദ്ധ്യത ഉള്ളപ്പോഴും കൈകള്‍ സോപ്പിട്ട് കഴുകണം.
രണ്ടാഴ്ചത്തെ ക്വാറന്റൈനിലെ ജീവിതം വളരെ ഏകാന്തമായിരിക്കില്ലേ, മാനസികമായി തകര്‍ന്നു പോകില്ലേ?
  1. പോസിറ്റീവായി മാത്രം ചിന്തിക്കാന്‍ ശ്രമിക്കണം. നമ്മള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ചെയ്യുന്ന ഒരു ത്യാഗമാണല്ലോ ഇത്.
  2. വായിക്കാം, പാട്ട് കേള്‍ക്കാം, സിനിമ കാണാം, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കാം. പക്ഷേ ഒന്നിച്ചിരുന്ന് ടിവി കാണുക, സൊറ പറയുക എന്നീ പരിപാടികള്‍ പാടില്ല.
  3. പുറത്തിറങ്ങാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കാം. ഇനി വിഷാദം വല്ലാതെ പിടികൂടുന്നു എന്ന് തോന്നിയാല്‍ മാത്രം പുറത്ത് ഇങ്ങുകയാണെങ്കില്‍ ആളുകള്‍ ഇല്ലാത്ത സമയം, ഒറ്റക്ക് വല്ല മരച്ചുവട്ടിലോ മുറ്റത്തോ ഇരുന്നു കാറ്റ് കൊള്ളാം. ചുമയോ തുമ്മലോ ഉണ്ടെങ്കില്‍ പുറത്തിറങ്ങാന്‍ പാടില്ല.
ഒരാള്‍ വീട്ടില്‍ ക്വാറന്റൈനിലോ ഐസൊലേഷനിലോ ഉണ്ടെങ്കില്‍ ബന്ധുക്കള്‍ എന്തു നടപടികളാണ് സ്വീകരിക്കേണ്ടത്?
  1. അയാളുടെ മുറിയിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പ്രവേശിക്കുക.
  2. കയറുമ്പോള്‍ മാസ്‌ക് ധരിക്കുക.
  3. നല്ല ചുമയോ വയറിളക്കമോ ഉള്ള രോഗിയാണെങ്കില്‍ കൈയ്യുറ കൂടി ധരിക്കാന്‍ സാധിച്ചാല്‍ നല്ലത്. ഉപയോഗിച്ച ശേഷം കൈയുറ ബ്ലീച്ചിംങ്ങ് പൗഡര്‍ ലായനിയില്‍ നിക്ഷേപിക്കണം.
  4. ഉപയോഗശേഷം മാസ്‌ക് ഇടാനായി അടക്കാന്‍ കഴിയുന്ന ഒരു വേസ്റ്റ് ബാസ്‌കറ്റ് മുറിയില്‍ കരുതണം.
  5. നിക്ഷേപിച്ച ഉടന്‍ അടച്ചു വെക്കുക, ശേഷം കത്തിച്ചു കളയുക. രോഗി ഉപയോഗിച്ചു കളഞ്ഞ മാസ്‌കുകള്‍ കൈകാര്യം ചെയ്യുമ്പോഴും ശുശ്രൂഷിക്കുന്ന ആള്‍ മുഖം മറയ്ക്കണം.
  6. ഓരോ തവണ മുറിയില്‍ നിന്ന് ഇറങ്ങുമ്പോഴും കൈ നന്നായി സോപ്പിട്ട് കഴുകണം. രോഗി ഉപയോഗിച്ച വസ്തുക്കള്‍ എന്തു തന്നെയാണെങ്കിലും തൊട്ടു കഴിഞ്ഞ ശേഷവും കൈ സോപ്പിട്ട് കഴുകണം.
  7. രോഗിയെ ശുശ്രൂഷിക്കുന്നത് എപ്പോഴും ഒരാള്‍ തന്നെ ആകുന്നതാണ് നല്ലത്.
വീട്ടിലുള്ള ബാക്കി ബന്ധുക്കള്‍, സന്ദര്‍ശകര്‍?
  1. ഒരു കാരണവശാലും കൂടുതല്‍ ആളുകള്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരരുത്.
  2. ചെറിയ കുട്ടികള്‍, പ്രായം കൂടിയവര്‍, മറ്റെന്തെങ്കിലും രോഗം ഉള്ളവര്‍ (പ്രമേഹം, വൃക്കരോഗങ്ങള്‍, ശ്വാസം മുട്ട് തുടങ്ങിയവ) ക്വാറന്റൈനില്‍ കഴിയുന്ന ആളുടെ സമീപത്തൊന്നും വരാന്‍ പാടില്ല.
  3. വീടിന്റെ പുറത്തു നിന്ന് ഒരാളും മുറിയില്‍ പ്രവേശിക്കാനും പാടില്ല. സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണം വേണം.
ക്വാറന്റൈനിലെ ഭക്ഷണം? പോഷകാഹാരമുള്ള ഭക്ഷണം കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക.   എന്തെങ്കിലും രോഗലക്ഷണങ്ങള്‍ വന്നാല്‍? അല്ലെങ്കില്‍ മൂര്‍ച്ഛിച്ചാല്‍? ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കുക (ദിശ) നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. സ്വന്തം നിലക്ക് ആശുപത്രിയില്‍ പോകാന്‍ ശ്രമിക്കരുത്. മേല്‍ പറഞ്ഞ സൗകര്യങ്ങള്‍ വീടുകളില്‍ ഇല്ലാത്തവര്‍? കുറേ ആളുകള്‍ ഒന്നിച്ചു താമസിക്കുന്ന ഒറ്റ മുറികളും ചെറിയ വീടുകളും നമ്മുടെ നാട്ടില്‍ അത്ര വിരളമല്ല. ആ സാഹചര്യത്തില്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ പ്രായോഗികമാക്കും എന്നത് ഒരു ബുദ്ധിമുട്ടേറിയ പ്രശ്‌നമാണ്. ഇവിടെ അവരുടെ മേല്‍ മാത്രം ഉത്തരവാദിത്തം കെട്ടിവെച്ച് ഒഴിഞ്ഞു മാറാന്‍ നമുക്ക് സാധിക്കില്ല. അത് സമൂഹവും അധികൃതരും വിവിധ സംഘടനകളും ഒന്നിച്ച് ആലോചിച്ച് തീരുമാനമെടുക്കേണ്ട ഒരു കാര്യമാണ്. പ്രത്യേകം ടോയ്‌ലറ്റുകളുള്ള മുറികളോടുകൂടിയ ഏതെങ്കിലും കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തേണ്ടി വരും. ഇതിന് വേണ്ടിയുള്ള ആലോചനകള്‍ ആരംഭിക്കാനുള്ള സമയവും ആയിരിക്കുന്നു. എഴുതിയത് - ഡോ. ഷമീര്‍ വി കെ info clinic