• admin

  • February 2 , 2020

ഒറ്റപ്പാലം :

ജില്ലയിലെ ആദ്യ ‘വെഹിക്കിൾ മൗണ്ടഡ് ക്യാമറ’ ഒറ്റപ്പാലം സ്റ്റേഷനിലെ പൊലീസ് വാഹനത്തിൽ പ്രവർത്തന സജ്ജമായി. ക്രമസമാധാനപാലനത്തിനും ഗതാഗത നിയമ ലംഘനങ്ങൾ തടയാനുമാണു സർക്കിൾ ഇൻസ്പെക്ടറുടെ ഒദ്യോഗിക വാഹനത്തിൽ 4 നിരീക്ഷണ ക്യാമറകൾ. വാഹനത്തിനു മുകളിൽ സ്ഥാപിച്ച ക്യാമറകൾ രാത്രി സമയങ്ങളിലെ ദൃശ്യങ്ങൾ കൂടി പകർത്താൻ ശേഷിയുള്ളവയാണ്. ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം വാഹനത്തിനുള്ളിലെ മോണിറ്ററിൽ കാണാം.

പൊലീസ് സ്റ്റേഷൻ നവീകരണത്തിന് അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നുള്ള വിഹിതം വിനിയോഗിച്ചാണു ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടെ വാഹനത്തിൽ ക്യാമറകൾ സ്ഥാപിച്ചതെന്നു സിഐ എം. സുജിത്ത് അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങളുള്ള പ്രദേശങ്ങളിൽ ഡ്യൂട്ടിക്കു പോകുമ്പോൾ വിഡിയോ ദൃശ്യങ്ങൾ വാഹനത്തിലെ ക്യാമറകളിൽ പതിയുമെന്നത് അന്വേഷണത്തിനു കൂടുതൽ സഹായകമാകും.

വാഹനം നിർത്തിയിടുമ്പോഴും ഓടിക്കൊണ്ടിരിക്കുമ്പോഴും ഗതാഗത നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിയും. നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പരിശോധിച്ച് ആർസി ഉടമയെ കണ്ടെത്തി പിഴ ചുമത്തും. ഇതുവഴി അമിതവേഗം ഉൾപ്പെടെയുള്ള നിമയലംഘനങ്ങൾക്കു തടയിടാനാകുമെന്നാണു പ്രതീക്ഷ.