• Lisha Mary

  • April 11 , 2020

മുംബൈ: :

മുംബൈയില്‍ ഇന്ന് 189 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് മാത്രം 11 പേര്‍ മരിച്ചു. ഇതോടെ മുംബൈയിലെ കോവിഡ് 19 രോഗികളുടെ എണ്ണം 1182 ആയി. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 1761 ആയി ഉയര്‍ന്നിരിക്കുകയാണ്. പൂണെയില്‍ 29 പേരും മുംബൈയില്‍ 75 പേരുമാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. ഇന്ന് രാവിലെ വന്ന കണക്കുകള്‍ പ്രകാരം 188 പേര്‍ രോഗമുക്തി നേടിയതായി സംസ്ഥാന ആരോഗ്യമന്ത്രാലയം അറിയിച്ചു. 

സംസ്ഥാനത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറസിന് ശേഷമാണ് മഹാരാഷ്ട്ര ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര എന്നും രാജ്യത്തിന് വഴികാട്ടിയിട്ടേയുള്ളൂ. നിലവിലെ കഠിന സാഹചര്യത്തിലും കോറോണക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാനം മുന്നില്‍ നിന്ന് നയിക്കും എന്നുപറഞ്ഞുകൊണ്ടാണ് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്. 

സംസ്ഥാനത്ത് ഇതുവരെ 33,000 പരിശോധനകള്‍ നടത്തിയതായും അതില്‍ 19,000 മുംബൈയില്‍ നിന്നാണെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 60 മുതല്‍ 70 ശതമാനം വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റു അസുഖങ്ങളുമുണ്ടായിരുന്നു. ചിലര്‍ അവസാന ഘട്ടത്തിലാണ് ആശുപത്രിയില്‍ എത്തിയത്.