• Lisha Mary

  • March 14 , 2020

പാലക്കാട്: : കൊറോണ  വൈറസ് രോഗബാധ നിലവില്‍ ഭയാനകമല്ലെങ്കിലും അപകടമില്ലെന്ന് പറയാന്‍ സാധിക്കില്ലെന്നും അതീവ ജാഗ്രതയും കരുതലുമാണ് ആവശ്യമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അടിയന്തര അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരിസര ശുചിത്വം ഉറപ്പാക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനാധ്യക്ഷന്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ മുന്നിട്ടിറങ്ങണം. ഇത് വാര്‍ഡ് തലത്തിലും വ്യാപിപ്പിക്കണം. ഹരിതകര്‍മ്മ-ആരോഗ്യ സേനാംഗങ്ങളെ വിന്യസിപ്പിക്കുന്നതില്‍ ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കണം. ആരോഗ്യ വകുപ്പ് ആരോഗ്യ-വ്യക്തി ശുചിത്വത്തില്‍ നല്‍കുന്ന ബോധവത്ക്കരണവും, മാര്‍ഗനിര്‍ദ്ദേശങ്ങളും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക തലത്തില്‍ ഫലപ്രദമായി നടപ്പാക്കണം. റെയില്‍വേ-ബസ് സ്റ്റാന്റുകളില്‍ ബോധവത്കരണവുമായി ബന്ധപ്പെട്ട അനൗണ്‍സ്മെന്റുകള്‍ നടക്കുന്നതായി ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങള്‍ രോഗത്തിന്റെ പ്രാധാന്യം മനസിലാക്കണമെന്നും  മുറിവൈദ്യ പ്രചരണത്തില്‍ വീഴരുതെന്നും മന്ത്രി അറിയിച്ചു. വയോജനങ്ങളില്‍ രോഗപ്രതിരോധശേഷി കുറവായ സാഹചര്യത്തില്‍ വ്യദ്ധസദനങ്ങളില്‍ സന്ദര്‍ശന നിയന്ത്രണം ആവശ്യമാണ്.  അന്തേവാസികളെ പരിചരിക്കുന്നവര്‍ക്കും ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്ന് മന്ത്രി അറിയിച്ചു. വയോജനങ്ങളിലെ വൈറസ്ബാധ തടയുന്നതിനായി സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തും. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും വകുപ്പ് നല്‍കുന്ന വാഹനത്തില്‍ മാത്രം യാത്രചെയ്യാനും നിര്‍ദ്ദേശം നല്‍കി. കോവിഡ് 19 ബാധയ്ക്ക് മരുന്നില്ല, എന്നാല്‍ സാധാരണ രോഗലക്ഷണങ്ങളാണ് ഉളളത്. അത് തന്നെയാണ് ഈ രോഗ ബാധയുടെ സങ്കീര്‍ണ്ണതയെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ കരുതലും ജാഗ്രതയുമാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധിയെന്നും മന്ത്രി എ.കെ ബാലന്‍ യോഗത്തില്‍ അറിയിച്ചു. ഹോം ക്വാറന്റൈനിലുള്ളവരുടെ കൂടെയുളളവര്‍  ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും പറയുന്ന വിവരങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനിന്റെ ആവശ്യകതയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും നല്ലരീതിയില്‍ ബോധ്യപ്പെടുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരില്‍ സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്നവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍, കുടുബശ്രീ മുഖേന സഹായം ഉറപ്പാക്കണമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദേശം നല്‍കി. കൂടാതെ, തമിഴ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ രോഗബാധയെക്കുറിച്ചുള്ള ബോധവത്കരണം  തമിഴ് ഭാഷയില്‍ തുടരുന്നത് നിലനിര്‍ത്തണമെന്നും മന്ത്രി അറിയിച്ചു.