• Lisha Mary

  • April 7 , 2020

ലണ്ടന്‍ : കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. തുടര്‍ന്ന് രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നെന്നും വക്താവ് പറഞ്ഞു. മികച്ച പരിചരണമാണ് അദ്ദേഹത്തിനിപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ബ്രിട്ടണിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഔദ്യോഗികവസതിയില്‍ സ്വയം നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ബ്രിട്ടിനില്‍ കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണുള്ളത്. ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരനും കഴിഞ്ഞദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.