• admin

  • June 26 , 2020

ഹൈദരാബാദ് : ഹൈദരാബാദ്: എല്ലാ ചികിത്സയ്ക്കും അപ്പുറം കുടുംബത്തിന്‍റെ പിന്തുണയും കോവിഡിനെ മറികടക്കാൻ അത്യാവശ്യമാണ്. എന്നാൽ ഹൈദരാബാദിൽ കോവിഡ് ഭേദമായി എത്തുന്നവരെ വീട്ടിൽ കയറ്റാൻ കുടുംബാംഗങ്ങൾ തയ്യാറാകാത്ത സംഭവങ്ങൾ കൂടിവരുന്നു. ഡിസ്ചാർജ് ചെയ്തിട്ടും കൂട്ടിക്കൊണ്ടുപോകാൻ ആരും വരാത്തതിനാൽ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ 50 പേരെ വീണ്ടും അവിടെ അഡ്മിറ്റ് ചെയ്തു. അതിലൊരാൾ 93 വയസ്സുള്ള ഒരു സ്ത്രീയാണ്, മക്കൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരിക്കുകയാണ് അവർ. ഹൈദരാബാദിലെ മുഖ്യ കോവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 50 ലധികം ആളുകളുടെ കുടുംബാംഗങ്ങൾ ഡിസ്ചാർജ് ചെയ്യാൻ തയ്യാറായിട്ടും അവരെ തിരികെ കൊണ്ടുപോകാൻ വിസമ്മതിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ആശുപത്രി മാനേജ്‌മെന്റിന്റെ ആവർത്തിച്ചുള്ള ഫോൺകോളുകൾ ഉണ്ടായിരുന്നിട്ടും പ്രതികരണമുണ്ടായില്ല. ഡിസ്ചാർജ് ചെയ്ത ഏതാനും രോഗികൾ അവരുടെ കുടുംബാംഗങ്ങളുടെ വരവും പ്രതീക്ഷിച്ചു ആശുപത്രി ഗേറ്റിൽ മണിക്കൂറുകളോളം കാത്തിരുന്നു. ക്ഷീണിതരായ അവർ സഹായം തേടി വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. ഈ രോഗികളെല്ലാം കഴിഞ്ഞ 10-15 ദിവസങ്ങളിൽ ചികിത്സയ്ക്ക് വിധേയരായതായി ഗാന്ധി ആശുപത്രി അറിയിച്ചു.