• Lisha Mary

  • April 18 , 2020

മലപ്പുറം : കോവിഡ് രോഗം ഭേദമായി ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. മലപ്പുറം കീഴാറ്റൂര്‍ കരിയമാട് സ്വദേശി വീരാന്‍കുട്ടി (85) ആണ് മരിച്ചത്. മറ്റ് അസുഖങ്ങളാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വീരാന്‍കുട്ടിയുടെ മൂന്ന് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ക്ക് ഹൃദയാഘാതമുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വീരാന്‍കുട്ടി മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും വൃക്ക രോഗമടക്കമുള്ള അസൂഖങ്ങളുള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയായിരുന്നു ഇയാള്‍. ഏപ്രില്‍ രണ്ടിനാണ് വീരാന്‍ കുട്ടിക്ക് വൈറസ് സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇയാള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ മകനില്‍നിന്നാണ് വൈറസ് ബാധിച്ചതെന്നായിരുന്നു സൂചന. എന്നാല്‍ മകന് രോഗമില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.