• Lisha Mary

  • April 11 , 2020

കൊല്‍ക്കത്ത : കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തില്‍ പശ്ചിമബംഗാളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനുളള ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, തലസ്ഥാനമായ കൊല്‍ക്കത്തയുടെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടെ 10 ഹോട്ട് സ്പോട്ടുകള്‍ അടച്ചിടാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചു. നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പശ്ചിമബംഗാളില്‍ കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. 116 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കിയത്. ഡല്‍ഹിയിലും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന് ഹോട്ട് സ്പോട്ടുകളുടെ എണ്ണം ഡല്‍ഹി സര്‍ക്കാര്‍ 30 ആക്കി ഉയര്‍ത്തി. പുതുതായി ആറു പ്രദേശങ്ങള്‍ കൂടിയാണ് ഹോട്ട് സ്പോട്ടുകളായി മാറിയത്.