• Lisha Mary

  • April 16 , 2020

കോട്ടയം : കൊറോണ ചികിത്സയിലും പ്രതിരോധത്തിലും മികവു തെളിയിച്ച കോട്ടയം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇനി കാസര്‍കോട്ടും. 93 വയസുകാരന്‍ ഉള്‍പ്പെടെ രോഗവിമുക്തി നേടിയ അഞ്ചു പേരുടെ ചികിത്സയില്‍ പങ്കാളികളായ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 25 അംഗ വിദഗ്ധ സംഘം കാസര്‍കോടെത്തി. അനസ്തേഷ്യ വകുപ്പ് മേധാവി ഡോ. മുരളീ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറു സ്പെഷ്യാലിറ്റികളില്‍ നിന്നായി പത്തു ഡോക്ടര്‍മാരും പത്ത് സ്റ്റാഫ് നഴ്സുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെടും. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍നിന്നും കാസര്‍കോട്ട് എത്തിയിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവന കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോട്ടയത്തു നിന്നുള്ള മെഡിക്കല്‍ സംഘം ചുമതല ഏല്‍ക്കുന്നത്. പതിനാലു ദിവസത്തേക്കാണ് ഇവരെ നിയോഗിച്ചുള്ളത്. അനസ്തേഷ്യ , ഇ.എന്‍.ടി, പള്‍മണോളജി, ശിശുരോഗ ചികിത്സ, സര്‍ജറി, ത്വക്ക് രോഗ ചികിത്സ എന്നീ സ്പെഷ്യാലിറ്റികളിലെ ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്.