• Lisha Mary

  • April 21 , 2020

ഇസ്ലാമാബാദ് : കൊറോണ സ്ഥിരീകരിച്ച ഒരാളുമായി ഇപഴികിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സ്വയം നിരീക്ഷണത്തിലാകുമെന്ന് സൂചന. ഈദി ഫൗണ്ടേഷന്‍ ചെയര്‍മാനായ ഫൈസല്‍ ഈദിയുമായി ഏപ്രില്‍ 15ന് ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഫൈസലിന് കൊറോണ പരിശോധന നടത്തി. പരിശോധനയില്‍ കൊറോണ പോസിറ്റീവാകുകയായിരുന്നു. ഇതേതുടര്‍ന്ന് ഇമ്രാന്‍ ഖാന് കൊറോണ പരിശോധന നടത്തുമെന്നാണ് പാക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം കൊറോണ ചികിത്സാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി അതാത് സ്ഥലത്ത് എത്തിക്കാന്‍ ഈദി ഫൗണ്ടേഷന്റെ ആംബുലന്‍സുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും തരത്തിലാണ് ഫൈസല്‍ ഈദിക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. പാകിസ്താനില്‍ 9,500 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 197 പേര്‍ മരിച്ചു.