• admin

  • June 8 , 2021

: സി.വി.ഷിബു പഠിപ്പിക്കുന്ന അധ്യാപികയെ ക്ലാസ്സ് മുറിയിൽ വച്ച് പരസ്യമായി ചേച്ചീന്ന് വിളിക്കുക.പ്രിൻസിപ്പളിനെ ചേട്ടാന്നും. അതിലും കേൾക്കാൻ ബഹുരസം ,കോടികൾ മുടക്കി കോളേജുണ്ടാക്കിയ ചെയർമാൻ ക്യാമ്പസിൽ കയറിയാൽ പിന്നിൽ നിന്ന് തൊമ്മാ എന്നുള്ള വിളി കേൾക്കാനാണ്. സദാ സമയം ഹാപ്പിയായ തൊമ്മനും മക്കളും. ഇതൊരു സിനിമാക്കഥയല്ല. സിനിമയെ വെല്ലുന്ന ത്രിൽ സമ്മാനിക്കുന്ന കോളേജ് ക്യാമ്പസാണ്. റാഗിംഗ് മുതൽ ഗുണ്ടായിസം നടക്കുന്ന കോളേജ് ക്യാമ്പസുകളെ തിരുത്തുന്ന സിനിമാ സ്റ്റൈൽ കഥാപാത്രങ്ങളും വേഷങ്ങളുമുള്ള ഈ ക്യാമ്പസ് മറ്റെവിടെയുമല്ല, നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ .പാലക്കാട് ധോണിയിലുള്ള ലീഡ് കോളേജ് ഓഫ് മാനേജ് മെൻ്റ് എന്ന എം.ബി.എ. കോളേജിനെക്കുറിച്ചറിഞ്ഞാൽ ഏത് വിദ്യാർത്ഥിയും ഒന്ന് കൊതിച്ചു പോകും അവിടെയൊന്ന് എത്താൻ . അത്ര സ്വാതന്ത്ര്യവും സന്തോഷവുമാണ് ഈ ക്യാമ്പസിൽ .പൂർണ്ണമായും വിദ്യാർത്ഥികൾ നിയന്ത്രിക്കുന്ന ഈ സ്ഥാപനത്തിൽ സംവിധായകനും അഭിനേതാവും മേക്കപ്പ് മാനും എന്തിന് ആസ്വാദകൻ പോലും ഇവിടുത്തെ വിദ്യാർത്ഥികളാണ്. ഇങ്ങനെയൊക്കെ കേട്ടാൽ ഇവിടെയൊരു അരാജകത്വമാണന്ന് ചിന്തിച്ചാൽ തെറ്റി. ലോകത്തിലെ എട്ട് വിദേശ രാജ്യങ്ങളിൽ നിന്നടക്കമുള്ള മുന്നൂറിലധികം വിദ്യാർത്ഥികൾ ഓരോ വർഷവും പഠിക്കുന്ന ലീഡ് കോളേജ് കേരളത്തിലെ രണ്ടാമത്തെയും തെക്കേ ഇന്ത്യയിലെ പത്താമത്തെയും ഭാരതത്തിലെ 46-മത്തെയും റാങ്കിംഗിലുള്ള എം.ബി. എ. കോളേജാണ് . *കവാടമില്ലാത്ത ക്യാമ്പസ്* *മുതൽ* *വാർഡനില്ലാത്ത ഹോസ്റ്റൽ വരെ* 2011 - ൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിൽ പ്രോംബ്റ്റ് ചാരിറ്റബിൾ ട്രസ്റ്റാണ് പാലക്കാട് ജില്ലയിലെ ധോണിയിൽ ലീഡ് കോളേജ് ( Leadership and Entrepreneurship Academy Dhoni) സ്ഥാപിച്ചത്. പത്ത് വർഷമായിട്ടും കോളേജിന് ഗെയ്റ്റ് നിർമ്മിച്ചിട്ടില്ല. ഇനി നിർമ്മിക്കാനും ഉദ്ദേശിക്കുന്നില്ലന്ന് പറയുന്ന ട്രസ്റ്റ് ചെയർമാൻ തോമസ് ജോർജിന് ഈ ക്യാമ്പസിനെ ഗെയിറ്റില്ലാത്ത കോളേജ് എന്ന് വിശേഷിപ്പിക്കാനാണിഷ്ടം. ലൈബ്രറിക്ക് ലൈബ്രേറിയൻ ഇല്ല എന്നതു പോലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലിന് വാർഡൻമാരുമില്ല. എല്ലാം നിയന്ത്രിക്കുന്നത് വിദ്യാർത്ഥികളുടെ വിവിധ ഗ്രൂപ്പുകളാണ് .ലോട്ടുകൾ എന്നാണ് ഈ സംഘങ്ങൾ അറിയപ്പെടുന്നത് .ഇങ്ങനെ 16 ലോട്ടുകൾ പ്രവർത്തിക്കുന്നു .പഠിപ്പിക്കുന്നത് എം.ബി.എ. ആയതിനാൽ എല്ലാത്തരം ബിസിനസ് അഡ്മിനിസ്ട്രേഷനും ഈ 16 ലോട്ടുകളിലൂടെ രണ്ട് വർഷം കൊണ്ട് അവർ അഭ്യസിച്ചിരിക്കും. കാൻ്റീനിലെ മെനു വിദ്യാർത്ഥികൾ തീരുമാനിക്കും. ആവശ്യമായ പച്ചക്കറി ഇവിടെ കൃഷി ചെയ്യും ,പാലിന് പശുവിനെ വളർത്തും. എന്തെങ്കിലും സാധനങ്ങൾ ആവശ്യമായി വന്നാൽ വിദ്യാർത്ഥികൾ തന്നെ വാങ്ങും. വീടുണ്ടായിട്ടും തൊമ്മൻ്റെ ഭക്ഷണം വിദ്യാർത്ഥികളോടൊപ്പമാണ്. *ലീഡിൻ്റെ ചരിത്രം* ലോകത്തിൽ ലീഡിന് സമാനമായി ഒരു ക്യാമ്പസ് ഉള്ളത് സൈപ്രസിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലാണ്. ധോണി സ്വദേശിയായ തോമസ് ജോർജ് പാലക്കാട് എൻ.എസ്.എസ്. കോളേജിലെ ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് പ്രോംമ്റ്റ് കമ്പ്യൂട്ടേഴ്സ് എന്നൊരു സ്ഥാപനം തുടങ്ങിയിരുന്നു. സതേൺ റെയിൽവേക്ക് ആവശ്യമായ ടച്ച് സ്ക്രീൻ അസംബ്ൾ ചെയത് നൽകി അതിൻ്റെ അറ്റകുറ്റ പണികളും ചെയ്ത് വരുന്നതിനിടെ എഞ്ചിനീയറിംഗ് കോളേജുകളിൽ നൈപുണ്യ വികസനത്തിൽ ക്ലാസ്സ് എടുക്കാൻ പോകുമായിരുന്നു. കേരളത്തിലെ ക്യാമ്പസുകളിൽ തുടങ്ങിയ ഈ യജ്ഞം ഇന്ത്യ മുഴുവനും പിന്നീട് ലോകം മുഴുവനും വ്യാപിച്ചു .അങ്ങനെയാണ് ബിസിനസ് മാനേജ്മെൻ്റ് തിയറിയല്ലാതെ പ്രായോഗികമായി പരിശീലിപ്പിക്കുന്ന വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെത്തിയത്. അവിടുത്തെ സൈപ്രസ് മോഡൽ പരിശീലനം പ്രാവർത്തികമാക്കാൻ ഒരു കോളേജ് ആരംഭിക്കുക എന്നതായി പിന്നീടുള്ള സ്വപ്നം. അതുവരെ സമ്പാദിച്ചതെല്ലാം ചേർത്ത് സഹോദരനെയും സുഹൃത്തിനെയും ചേർത്ത് ട്രസ്റ്റുണ്ടാക്കി, ആ ട്രസ്റ്റിന് കീഴിൽ ലീഡ് കോളേജ് തുടങ്ങിയത്.   *ആരും പരീക്ഷിക്കാത്ത പരിശീലന തന്ത്രം* വൻ തുക മുടക്കി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ ആരും പരീക്ഷിക്കാത്ത പരീക്ഷണങ്ങളാണ് തോമസ് ജോർജ് തുടങ്ങിവെച്ചത്. അത് പതിയെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറ്റെടുത്തു. കോളേജ് സ്ഥാപകനും ചെയർമാനുമായ തോമസ് അവർക്ക് പ്രിയപ്പെട്ട തൊമ്മനായി. പിന്നെ, പതിയെ തൊമ്മനും മക്കളുമടങ്ങിയ ആ കുടുംബം വളർന്നു, ഇന്ത്യയിലെ മുൻ നിര എം.ബി.എ കോളേജുകളിൽ ഒന്നായി ലീഡ് കോളേജ് വളർന്നതിന് പിന്നിൽ പത്ര പരസ്യങ്ങളില്ല, റിക്രൂട്ട്മെൻ്റ് ഏജൻസികളില്ല , ഉള്ളത് തൊമ്മൻ്റെ വിശാല കാഴ്ചപ്പാടും അവിടുത്തെ മക്കളുടെ വാമൊഴി വിജയഗാഥകളും മാത്രം. അമ്പതിലധികം സ്റ്റാഫ് കോളേജിലുണ്ടങ്കിലും ആരും ആരെയും നിയന്ത്രിക്കുകയോ ചൊല്പടിക്ക് നിർത്തുകയോ ചെയ്യുന്നില്ല.എല്ലാവരും എല്ലാവർക്കും കൂട്ടുകാർ. അവർ വഴി തെളിക്കുന്നതാകട്ടെ, മികച്ച ബിസിനസുകാരനാവാൻ. പഠനം പൂർത്തീകരിച്ചാൽ പ്രതിവർഷം മിനിമം നാല് ലക്ഷം ശമ്പളത്തിൽ ജോലിയാണ് മാനേജ്മെൻ്റ് പ്രവേശന സമയത്ത് ഉറപ്പ് നൽകുന്നത്. പത്ത് വർഷങ്ങൾക്കിടെ ഒരാളോട് പോലും ഈ ഓഫർ തെറ്റിക്കേണ്ടി വന്നിട്ടില്ല.   *ഫീസ് നൽകുന്ന ഫീഡ് മണിയായി തിരികെ നൽകുന്നു* ലീഡ് കോളേജിൽ പഠിക്കുന്ന എല്ലാവർക്കും ജോലിയല്ല തൊമ്മൻ ലക്ഷ്യം വെക്കുന്നത്. മറിച്ച് എല്ലാവരെയും സംരംഭകരാക്കി മാറ്റുക എന്നതാണ് തൊമ്മൻ്റെ ലക്ഷ്യം. കോളേജിന് നൽകുന്ന ഫീസിൻ്റെ ഒരു വിഹിതം ഇങ്ങനെ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫീഡ് മണിയായി തിരിച്ച് നൽകും. ഏത് തരം സംരംഭവും അഭിരുചിക്കനുസരിച്ച് വിദ്യാർത്ഥിക്ക് തുടങ്ങാം. കോളേജിൽ പ്രവേശനം നേടിയാൽ ആദ്യ സെമസ്റ്റർ മുതൽ സ്റ്റാർട്ടപ്പ് അല്ലങ്കിൽ സംരംഭം തുടങ്ങാം. ക്ലാസ്സ് മുറി ഒരു ഇൻകുബേഷൻ സെൻറർ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. പണം കൂടാതെ സംരംഭം തുടങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ, വായ്പ, ലൈസൻസ് എന്നിവക്കുള്ള സഹായവും സാങ്കേതിക സഹായവും കോളേജിലെ മനുഷ്യവിഭവശേഷിയും കൂടാതെ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹായവും ലഭ്യമാക്കുന്നുണ്ട്.   *തൊമ്മൻ്റെ കാഴ്ചപ്പാടും അമൃദിൻ്റെ സ്വപ്നങ്ങളും* എഞ്ചിനീയറിംഗ് കോളേജുകളിൽ ക്ലാസ് എടുക്കാനായി ലോകം മുഴുവൻ ചുറ്റിയപ്പോൾ തൊമ്മന് ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ലോകം മുഴുവൻ വളരുന്ന സംരംഭങ്ങൾ എൻ്റെ കേരളത്തിൽ നിന്ന് ഉണ്ടാകണം. അതിന് പുതുതലമുറയെ നയിക്കണം. ഇതിലേക്കായിരുന്നു തൊമ്മൻ്റെ ഓരോ ചുവടുകളും .കോളേജിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിക്കും സ്വന്തമായി ഒരു സംരംഭം. അവർ ആരുടെയും കീഴിൽ ജോലി ചെയ്യേണ്ടവരല്ല ,അവർ അനേകർക്ക് ജീവിതം നൽകുന്ന തൊഴിലുടമകൾ ആകണം.കോളേജ് തുടങ്ങി ഒരു പതിറ്റാണ്ടു പിന്നിടുമ്പോൾ ആ വിശാല കാഴ്ചപ്പാടുകൾക്ക് ചിറക് മുളച്ച് പലരും ആ ചിറകിൽ പറന്നുയുരന്നത് കാണുന്നതാണ് തൊമ്മൻ്റെ സന്തോഷം. ആദ്യവർഷങ്ങളിൽ പഠിച്ചവരൊക്കെ പഠനം കഴിഞ്ഞ് ഒരു നല്ല ജോലി പ്രതീക്ഷിച്ച് എം.ബി.എ. പഠിക്കാനെത്തിയവരായിരുന്നു. . ജോലിക്ക് കയറി ശമ്പള വർദ്ധന ഉണ്ടായപ്പോൾ സംരംഭവും അത് തുടങ്ങാനുള്ള ബുദ്ധിമുട്ടുകളും ഒന്നും സഹിക്കാൻ പലരും തയ്യാറായില്ല. എന്നാൽ പതിയെ ഈ സ്ഥിതി മാറി. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു. ഇപ്പോൾ സംരംഭം തുടങ്ങുകയെന്ന ആശയം പ്രവേശനത്തിന് നിർബന്ധ മാനദണ്ഡമാക്കി. ലീഡ് കോളേജിലെ രണ്ടാം വർഷ എം.ബി.എ വിദ്യാർത്ഥിയാണ് ആലപ്പുഴ ചേർത്തല സ്വദേശി കെ.എസ്. അമൃദ്. കയർ വ്യവസായവുമായി ബന്ധപ്പെട്ട തൻ്റെ പ്രൊജക്ട് 60 ലക്ഷത്തിൻ്റേതാണന്ന് അമൃദ് പറയുന്നു. വിദ്യാർത്ഥി എന്ന നിലയിൽ നിന്ന് വ്യവസായി എന്ന ഉയരത്തിലേക്കുള്ള വളർച്ച സ്വപ്നം കണ്ടാണ് ഓരോ ദിവസവും അമൃദ് കോളേജിലെത്തുന്നത്. ഒരു സംരംഭത്തിനുള്ള എല്ലാ സാങ്കേതിക കടമ്പകളും കടക്കാനായി 12 വിദ്യാർത്ഥി സംരംഭകരാണ് ഇപ്പോൾ ഭാവിയിലെ നല്ല പ്രഭാതം കാത്തിരിക്കുന്നത്.കോളേജിനെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെക്കുറിച്ചും കോളേജിൻ്റെ www.lead.ac.in എന്ന വെബ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യുന്നതും എല്ലാം ഡോക്യുമെൻ്റ് ചെയ്യുന്നതും നിയന്ത്രിക്കുന്നതുമെല്ലാം വിദ്യാർത്ഥികൾ തന്നെയാണ്. 094977 13693 എന്ന നമ്പറില്‍ വിളിക്കുമ്പോൾ ഫോണെടുത്ത് സംസാരിക്കുന്നതും വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള കസ്റ്റമർ കെയർ ലോട്ടാണ് . അങ്ങനെ എം.ബി.എ. എന്ന വലിയ കോഴ്സിൻ്റെ എല്ലാ പ്രായോഗിക പഠനങ്ങളും സമ്മാനിക്കുന്ന അപൂർവ്വ കലാലയങ്ങളിലൊന്നായി ഇന്ന് ലീഡ് കോളേജ് ധോണിയിൽ തലയുയർത്തി നിൽക്കുന്നു.