• admin

  • January 23 , 2020

സൗദി അറേബ്യ : സൗദി അറേബ്യയില്‍ ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 30 മലയാളി നഴ്സുമാരെ പ്രത്യേക മുറിയിലേക്ക് മാറ്റി. അബഹയില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച മലയാളി നഴ്സുമാരെയാണ് പ്രത്യേക മുറിയിലേക്ക് മാറ്റിയത്. ഇതില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫിലിപ്പീന്‍ സ്വദേശിയായ യുവതിക്കാണ് ആദ്യം രോഗം പിടിപെട്ടത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെ മലയാളി നഴ്‌സിനും വൈറസ് പടരുകയായിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അല്‍ ഹയാദ് നാഷണല്‍ ആശുപത്രിയിലെ ജീവനക്കാരിയാണ് ഇവര്‍. അതേസമയം രോഗവിവരം ആശുപത്രി അധികൃതര്‍ മറച്ചുവെക്കുകയാണെന്ന് ജോലി ചെയ്യുന്ന മറ്റ് മലയാളികള്‍ ആരോപിക്കുന്നു. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ഇവര്‍ അറിയിച്ചു. പ്രത്യേക മുറിയിലേക്ക് മാറ്റിയ നഴ്സുമാര്‍ക്ക് മതിയായ ചികിത്സയോ കൃത്യമായ ഭക്ഷണമോ നല്‍കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്രത്യേക മുറിയിലേക്ക് മാറ്റിയ നഴ്സുമാരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ആദ്യഘട്ട ഫലത്തില്‍ ഇവര്‍ക്ക് രോഗബാധയേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.