• admin

  • February 3 , 2020

ബെയ്ജിങ് : കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി ഉയര്‍ന്നു. 2,829 പേര്‍ക്കു കൂടി വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. നിലവില്‍ 25 രാജ്യങ്ങളിലുള്ളവര്‍ക്കാണ് കൊറോണ രോഗം ബാധിച്ചിട്ടുള്ളത്. ശനിയാഴ്ച മാത്രം 4562 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച 315 പേരുടെ നില ഗുരുതരമാവുകയും 85 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 2110 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. 19,544 പേര്‍ക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. മരണ സംഖ്യ ഉയര്‍ന്നതോടെ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് അകലെയുള്ള മറ്റൊരു സുപ്രധാന നഗരം കൂടി ഞായറാഴ്ച ചൈനീസ് സര്‍ക്കാര്‍ അടച്ചു. വൈറസ് കൂടുതല്‍ വ്യാപിക്കുന്നുവെന്നതിന്റെ സൂചന നല്‍കി വുഹാനില്‍ നിന്ന് 800 കിലോമീറ്റര്‍ മാറിയുള്ള കിഴക്കന്‍ നഗരമായ വെന്‍ഷൂവാണ് അടച്ചത്. ഷെജിയാങ് പ്രവിശ്യയിലെ 90 ലക്ഷത്തോളം ആളുകള്‍ കഴിയുന്ന നഗരമാണ് വെന്‍ഷൂ. ഷെജിയാങ്ങില്‍ 661 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 265 ഉം വെന്‍ഷൂവിലാണ്. വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചു കോടിയോളം ആളുകളോട് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. അത്യാവശ്യങ്ങള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തു പോകാന്‍ അനുമതിയുള്ളത്. 46 ഹൈവേകളും അടച്ചു. കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തി. ദേശീയ ആരോഗ്യ കമ്മീഷനാണ് പൊതുജനങ്ങള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.