• Lisha Mary

  • March 12 , 2020

: കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതും, ജീവനക്കാരുടെ ജോലി സമയം, അവധി അനുവദിക്കല്‍ മുതലായവയും സംബന്ധിച്ച് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ റിസോര്‍ട്ടുകള്‍, ഫിസിയോ തെറാപ്പി സെന്ററുകള്‍, സ്പാ സെന്ററുകള്‍ , റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവയടക്കമുളള മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടിവരുന്നുവെന്നും അവധി അനുവദിക്കാതിരിക്കുന്നുവെന്നുമുളള ജീവനക്കാരുടെ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ നടപ്പിലാക്കിയിട്ടുള്ള സ്‌കൂളുകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 31 വരെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ത്തി വയ്ക്കണം. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കുവാന്‍ തൊഴിലുടമ നടപടി സ്വീകരിക്കണം. ജീവനക്കാരുടെ ആവശ്യാനുസരണം നിയമാനുസൃതമായ അവധി ദിനങ്ങള്‍ ലഭ്യമാക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഫ്ളക്സി ടൈം അനുവദിച്ച് ജോലി സമയം ക്രമപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. കേരള ഷോപ്സ് & കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍രിലെ ചട്ടങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള എല്ലാ വ്യവസ്ഥകളും തൊഴിലുടമകള്‍ നിര്‍ബ്ബന്ധമായും പാലിക്കണം. ഇത് നിയമപ്രകാരമുള്ള പരിശോധ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തണമെന്ന് ലേബര്‍ കമ്മീഷണര്‍ സര്‍ക്കുലര്‍ വഴി നിര്‍ദേശിച്ചു.