• admin

  • February 15 , 2020

:

കൊറോണ വൈറസ് ബാധയില്‍ യൂറോപ്പില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. ഫ്രഞ്ച് ആരോഗ്യ മന്ത്രിയാണ് മരണം സ്ഥിരീകരിച്ചത്. ജനുവരി 25 മുതല്‍ ചികിത്സയിലായിരുന്ന എണ്‍പതുകാരനാണ് മരണത്തിന് കീഴടങ്ങിയതെന്ന് മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നിന്നെത്തിയ ഇദ്ദേഹം, ജനുവരി 16നാണ് ഫ്രാന്‍സിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആരോഗ്യം വീണ്ടെടുക്കുന്നുവെന്നാണ് വിവരം. ഇതോടെ, ചൈനയ്ക്ക് പുറമേ മരണം സ്ഥിരീകരിക്കുന്ന നാലാമത്തെ രാജ്യമായി ഫ്രാന്‍സ്. ഫിലിപ്പീന്‍സ്, ഹോങ്കോങ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ കൊറോണ ബാധിച്ച് ഓരോരുത്തര്‍ മരിച്ചിരുന്നു.

അതേസമയം ചൈനയില്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1630 ആയി.