• Lisha Mary

  • March 13 , 2020

വയനാട് : കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയുമായി അന്തര്‍സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റുകളില്‍ ജില്ലയിലേക്ക് വരുന്ന യാത്രക്കാരെ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനക്ക് വിധേയരാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുളള ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. മൈസൂര്‍- സുല്‍ത്താന്‍ ബത്തേരി റോഡിലെ മുത്തങ്ങ ചെക് പോയിന്റിലും മാനന്തവാടി കുടക് റോഡിലെ തോല്‍പെട്ടി ചെക് പോയിന്റിലുമാണ് മെഡിക്കല്‍ സംഘത്തെ നിയോഗിക്കുക. ജില്ലയിലെ ജിംനേഷ്യങ്ങള്‍, ഹെല്‍ത്ത് ക്ലബുകള്‍, നീന്തല്‍ കുളങ്ങള്‍, ടാറ്റൂ വര്‍ക്ക് ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച് 14 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പിലാക്കുന്നത് ഉറപ്പു വരുത്താന്‍ ജില്ലാ പൊലീസ് മേധാവി , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.