• Lisha Mary

  • March 26 , 2020

കോട്ടയ്ക്കല്‍ : കൊറോണ പ്രതിരോധ ശേഷിക്ക് മരുന്നുമായി ഭാരതീയ ചികിത്സാവകുപ്പ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ആവശ്യമുള്ളവര്‍ക്കെല്ലാം മരുന്നുകള്‍ എത്തിക്കാന്‍ നടപടിയെടുത്തതായി ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ പറഞ്ഞു. ജില്ലാകേന്ദ്രങ്ങളില്‍ മരുന്നുകള്‍ എത്തിച്ചുകഴിഞ്ഞു. ഡി.എം.ഒയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന 'ടാസ്‌ക് ഫോഴ്‌സ്' ഈ മരുന്നുകള്‍ ഉടന്‍ ഡിസ്പെന്‍സറികളില്‍ എത്തിക്കും. പത്തുദിവസത്തേക്കുള്ള മരുന്നുകളെല്ലാം സൗജന്യമാണ്. ദഹനം വേണ്ടരീതിയില്‍ നടന്നാല്‍ രോഗങ്ങളൊന്നും ഉണ്ടാകില്ല. ദഹനം സാധ്യമാക്കുന്ന അഗ്‌നി ക്ഷയിച്ചാല്‍ പ്രശ്‌നമാകും. അഗ്‌നിയെ ഉത്തേജിപ്പിക്കാനും ദഹനം സുഗമമാക്കാനുമുള്ള മരുന്നുകള്‍ നമ്മുടെ കരുത്തുകൂട്ടും -മലപ്പുറത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സുശീല പറഞ്ഞു. അതിന് ഉപകരിക്കുന്ന കഷായങ്ങളും ചൂര്‍ണങ്ങളുമാണ് നല്‍കുക. ഇന്ദുകാന്തം കഷായം, ഗുളൂച്യാദി കഷായം, ദ്രാക്ഷാദികഷായം, ഗുളൂചീ ചൂര്‍ണ്ണം, സംശമനീ വടി, ത്രിഫലചൂര്‍ണം, വില്വാദി ഗുളിക, സുദര്‍ശനം ഗുളിക എന്നിവയാണ് നല്‍കാനുദ്ദേശിക്കുന്ന പ്രതിരോധമരുന്നുകള്‍. തിളപ്പിച്ചാറ്റിക്കുടിച്ചാല്‍ ദഹനം സുഗമമാവുന്ന ഷഡംഗപാനീയവും ഇവയ്ക്കൊപ്പമുണ്ടാവും. ഈ മരുന്നുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കും. ഒപ്പം ആരോഗ്യ ശുചിത്വ നിര്‍ദേശങ്ങളും ഡിസ്പെന്‍സറികളില്‍നിന്ന് ലഭിക്കും. ഔഷധിയാണ് ഇതിനാവശ്യമായ മരുന്നുകള്‍ നിര്‍മിച്ചുനല്‍കുന്നത്. അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പകര്‍ച്ചവ്യാധികള്‍ക്ക് പദ്ധതിവിഹിതമായി നീക്കിവെക്കുന്ന തുകയ്‌ക്കൊപ്പം ആയുഷ് വകുപ്പിന്റെ ഫണ്ടുകൂടി ഉപയോഗിച്ചാണ് മരുന്നിനുള്ള പണം കണ്ടെത്തുന്നത്. മരുന്നുകള്‍ ജില്ലാകേന്ദ്രങ്ങളില്‍ എത്തിയിട്ടുണ്ടെങ്കിലും ഡിസ്പെന്‍സറികളിലേക്ക് കൊണ്ടുപോകാന്‍ ആവശ്യമായ ആളുകളില്ലാത്തത് പ്രശ്‌നമാണ്. ഇതിനായി ചില ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സുകള്‍ രൂപവത്കരിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള ജീവനക്കാരെവെച്ച് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലെയും ഡിസ്പെന്‍സറികളിലേക്കും ആശുപത്രികളിലേക്കും മരുന്നെത്തിക്കുന്നത് അത്ര എളുപ്പമല്ല. ഇതോടൊപ്പം കൊറോണയ്ക്കും പകര്‍ച്ചവ്യാധികള്‍ക്കും എതിരായ ബോധവത്കരണ പ്രവര്‍ത്തനങ്ങളിലും ഈ ജീവനക്കാര്‍ക്ക് പങ്കെടുക്കേണ്ടതുണ്ട്.