• admin

  • February 22 , 2020

മലപ്പുറം : 91 പേരെക്കൂടി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിഞ്ഞ ആര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരണം. വിദഗ്ധ പരിശോധനക്കയച്ച 49 സാമ്പിളുകളുടേയും ഫലം ലഭ്യമായെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. ജില്ലയിലിപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ല. വീടുകളിലും മഞ്ചേരി മെഡിക്കല്‍ കോളജിലുമായി കഴിഞ്ഞിരുന്ന 91 പേര്‍ക്ക് വൈറസ്ബാധയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണം ഒഴിവാക്കി. ജില്ലയിലിപ്പോള്‍ 84 പേരാണ് വീടുകളില്‍ 28 ദിവസത്തെ നിരീക്ഷണത്തിലുള്ളത്. ഇവര്‍ക്കു മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള കൗണ്‍സലിങ് തുടരുകയാണ്. ജില്ലയില്‍ തുടരുന്ന മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൊറോണ പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി. വിദേശങ്ങളില്‍ നിന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ അറിയിച്ചു.