• Lisha Mary

  • March 16 , 2020

കല്‍പ്പറ്റ : കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 41 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 164 ആയി. 16 പേരുടെ സാമ്പിള്‍ പരിശോധയ്ക്ക് അയച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 7 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കി. മുത്തങ്ങയില്‍ 1500 പേരെയും ബാവലിയില്‍ 200 പേരെയും പരിശോധിച്ചു. വിവിധ രോഗ ലക്ഷണമുള്ളവരെ ആശുപത്രികളില്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദേശിച്ചു. തീര്‍ത്ഥാടനത്തിനെത്തിയ മൂന്ന് പേര്‍ കടുത്ത പനിയുള്ള സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം തിരിച്ച് പോയി. ചെക്ക്പോസ്റ്റുകളില്‍ നിയോഗിക്കപ്പെട്ട പരിശോധനാ ടീമിന് ആവശ്യമായ തെര്‍മ്മല്‍ സ്‌കാനര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 12 സ്‌ക്വാഡുകളാണ് വിവിധ ചെക്ക്പോസ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നത്. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കും. സാനിറ്റൈസര്‍ ഉത്പാദനത്തിന് സന്നദ്ധത അറിയിച്ച സ്ഥാപനത്തിന് അടിയന്തിര പെര്‍മിറ്റ് അനുവദിക്കാന്‍ എക്സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി. മാസ്‌ക്കുകളുടെ നിര്‍മ്മാണം കുടുംബശ്രീ യൂണിറ്റുകളില്‍ നടന്നു വരുന്നുണ്ട്. റിസോര്‍ട്ടുകളില്‍ എത്തുന്നവരെ ജാഗ്രതയോടെ നിരീക്ഷിച്ച് റിപ്പോര്‍ട്ട'് നല്‍കുന്നതിന് ഡി.ടി.പി.സി സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഉപയോഗപ്പെടുത്തുന്തിന് ആരോഗ്യ മേഖലയില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പട്ടിക തയ്യാറാക്കും. സന്നദ്ധ പ്രവര്‍ത്തകരുടെ പ്രത്യേക സേന രൂപീകരിക്കും. ഇവര്‍ക്ക് ആരോഗ്യ വകുപ്പ് പരിശീലനം നല്‍കും. പട്ടികവര്‍ഗ്ഗ കോളനികളില്‍ ആരോഗ്യ ജാഗ്രത പുലര്‍ത്തും. ഇവിടെ പോഷകാഹാര ലഭ്യത ഉറപ്പ് വരുത്തുമെന്നും ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. അനാവശ്യ ഭീതി പരത്തരുത് കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി വ്യക്തികളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദേശിക്കാനുള്ള അധികാരം ആരോഗ്യ വകുപ്പിന് മാത്രമാണെ് ജില്ലാ കളക്ടര്‍ അറിയിച്ചു. അനാവശ്യ ഭീതി പടര്‍ത്തുന്ന വിധത്തില്‍ ആളുകളെ നിര്‍ബന്ധിച്ച് വീടുകളില്‍ കഴിയാന്‍ നിര്‍ദേശിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്തി വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തില്‍ നിര്‍ത്താനുള്ള സംവിധാനം ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും നിന്ന് എത്തുവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ലെന്നും കളക്ടര്‍ അറിയിച്ചു. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ നേരിട്ട ആശുപത്രികളില്‍ എത്തരുതെന്നും ആരോഗ്യ വകുപ്പിന്റെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊതു സ്ഥലങ്ങളില്‍ എത്തുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണം കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അന്‍പതില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ മേധാവികളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ കൊറോണ വ്യാപനം, രോഗ ലക്ഷണം, സ്ഥാപന ഉടമകളും ജീവനക്കാരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി. കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളിലെ പഞ്ചിംഗ് ഒഴിവാക്കണം. കൊറോണ വ്യാപനം തടയാന്‍ സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് എന്നിവയോ സോപ്പോ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ ജീവനക്കാര്‍ കൈകള്‍ വൃത്തിയാക്കുന്നുണ്ടെന്ന ഉറപ്പുവരുത്തണമെന്ന യോഗത്തില്‍ നിര്‍ദേശിച്ചു. സാധ്യമെങ്കില്‍ ടെക്സ്റ്റയില്‍സിലെ ട്രയല്‍ റൂമുകളുടെ ഉപയോഗം നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചു.