• admin

  • January 30 , 2020

തിരുവനന്തപുരം : കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതുതായി 247 പേരുള്‍പ്പെടെ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഏഴ് പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. 24 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്. പുണെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാംപിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊറോണ വൈറസ് രോഗബാധയ്ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും മന്ത്രി പറഞ്ഞു.