• admin

  • February 4 , 2020

തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയിലുള്ള ജീവനക്കാരോട് എത്രയും വേഗം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആറ് ജില്ലകളിലെ കലക്ടര്‍മാര്‍ മൊസൂറിയില്‍ പരിശീലനത്തിന് പോകുന്നത് റദ്ദാക്കി. ആവശ്യമെങ്കില്‍ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും അവധി റദ്ദാക്കി തിരികെ വിളിക്കുമെന്നും സര്‍ക്കാര്‍ വ്യക്കമാക്കി. രോഗം ബാധിച്ചവരുടെ എണ്ണം മൂന്നായതിന് പിന്നാലെയാണ് കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.. 14 ജില്ലകളിലും ജാഗ്രതാസമിതിയെ നിയോഗിച്ചു. ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇനി സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിച്ചു. അതേസമയം, കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ണാടക പരിശോധന നടത്തുന്നുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ചാമരാജ് നഗര്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തുന്നത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആശുപത്രികളില്‍ പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിച്ചതായും സൂചനയുണ്ട്.