• Lisha Mary

  • March 21 , 2020

റോം : 24 മണിക്കൂറിനുള്ളില്‍ 627 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സൈന്യത്തെ വിളിച്ച് ഇറ്റലി. കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ ഇത്രയേറെ മരണം ഒരു രാജ്യത്ത് സംഭവിക്കുന്നത് ആദ്യമായാണ്. ഇറ്റലിയില്‍ ലോംബാര്‍ഡിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ആയിരക്കണക്കിന് രോഗബാധിതരായ ആളുകളാണ് ഉള്ളവത്. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ ഈ മേഖലയിലെ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിക്ക് സഹായവുമായി ചൈനീസ് മെഡിക്കല്‍ വിദഗ്ധരും ലോംബാര്‍ഡിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമല്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോംബാര്‍ഡ് മേഖല പ്രസിഡന്റ് അറ്റിലിയോ ഫോണ്ടാന മിലിറ്ററി ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. 'നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിവനായി സൈന്യത്തെ ഉപയോഗിക്കാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു. ലോംബാര്‍ഡിയിലുടനീളം 114 സൈനികര്‍ ഉണ്ടാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ കുറവാണ് എന്നാല്‍ ചെറുതാണെങ്കിലും പോസിറ്റീവായ മാറ്റമാണിതെന്ന് ഫൊണ്ടാന അഭിപ്രായപ്പെട്ടു. 'നിര്‍ഭാഗ്യവശാല്‍, അക്കങ്ങളില്‍ മാറ്റത്തിന്റെ ഒരു പ്രവണത ഞങ്ങള്‍ കാണുന്നില്ല. അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.' ഇറ്റലിയില്‍ 4,000 ത്തിലധികം ആളുകളാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ആറായിരം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്താകെ 47,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.