• admin

  • January 30 , 2020

പത്തനംതിട്ട : സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്യുന്നതിന് സംസ്ഥാന പൊലീസ് നടപ്പാക്കുന്ന പുതിയ പദ്ധതിക്ക് പത്തനംത്തിട്ട ജില്ലയില്‍ തുടക്കമായി. പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവിധ കേസുകളുടെ അന്വേഷണ പ്രക്രിയയില്‍ പങ്കാളികളായ എസ്.എച്ച്.ഒ മാരും, മുതിര്‍ന്ന ഉദ്യോഗസ്ഥരും, മറ്റ് പൊലീസ് ഉദ്യോഗസ്ഥരും കേസന്വേഷണം കാര്യക്ഷമമായും ഫലപ്രദമായും നടത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പദ്ധതി പ്രകാരം പൊലീസ് സ്റ്റേഷനുകളിലെ 45 വയസില്‍ താഴെയുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെ വീതം മൂന്ന് ടീമുകളാക്കി തിരിക്കും. കേസുകളുടെ അടിസ്ഥാനത്തില്‍ 'റെഡ് ക്യാപ്', 'വൈറ്റ് ക്യാപ്','ബ്ലൂ ക്യാപ്' എന്നിങ്ങനെ വിഭജിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍, കൊലപാതകം, കവര്‍ച്ച, പോക്‌സോ തുടങ്ങിയ കുറ്റകൃത്യങ്ങളെ 'റെഡ് ക്യാപ്'വിഭാഗത്തിലും, വഞ്ചനാകുറ്റം, കള്ളനോട്ട് തുടങ്ങിയ സൈബര്‍ സംബന്ധിയായ കുറ്റകൃത്യങ്ങളെ 'വൈറ്റ് ക്യാപ്' വിഭാഗത്തിലും, മോഷണം, ഗാര്‍ഹികപീഡനം, മുതിര്‍ന്ന പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവ 'ബ്ലൂ ക്യാപ്' വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ വിഭാഗത്തിന്റേയും ചുമതലയുളള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ജില്ലാ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദിനെ പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും വിവിധ വിഭാഗങ്ങളായി തിരിച്ച് പരിശീലനം തുടരും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടര്‍ ഹാളില്‍ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് നിര്‍വഹിച്ചു. പത്തനംതിട്ട ഡിവൈ.എസ്.പി:കെ.സജീവ് അധ്യക്ഷത വഹിച്ചു.