• Lisha Mary

  • April 8 , 2020

തിരുവനന്തപുരം : കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുന്നതിന് 273 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. 300 കിടക്കകളോടു കൂടിയ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. എന്നിവ പ്രവര്‍ത്തനക്ഷമമാക്കുന്നതിനാണ് തസ്തിക സൃഷ്ടിച്ചത്. ഇതിനായി പ്രതിവര്‍ഷം 14.61 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് കോവിഡ് ആശുപത്രിയ്ക്കായി 50 ശതമാനം തസ്തികകളില്‍ ഉടന്‍ നിയമനം നടത്താനും ബാക്കിയുള്ളവ ആശുപത്രി ബ്ലോക്ക് സജ്ജമാക്കുന്ന മുറയ്ക്ക് നിയമനം നടത്താനുമുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. 91 ഡോക്ടര്‍മാര്‍, 182 അനധ്യാപക ജീവനക്കാര്‍ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത്. 4 അസോസിയേറ്റ് പ്രൊഫസര്‍, 35 അസി. പ്രൊഫസര്‍, 28 സീനിയര്‍ റസിഡന്റ്, 24 ജൂനിയര്‍ റസിഡന്റ് എന്നിങ്ങനെയാണ് അധ്യാപക തസ്തിക. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗം സ്ഥിരീകരിച്ചത് കാസര്‍ഗോഡ് ജില്ലയിലാണ്. കേരളത്തില്‍ ആകെ 263 കോവിഡ് രോഗികള്‍ ചികിത്സയിലുള്ളപ്പോള്‍ അതില്‍ 131 പേരും കാസര്‍ഗോഡ് ജില്ലയിലുള്ളവരാണ്. ഈയൊരു പ്രത്യേക സാഹചര്യത്തിലും കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒ.പി. ആരംഭിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്തും സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് കാസര്‍ഗോഡിന് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതിനാലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം 4 ദിവസം കൊണ്ട് മെഡിക്കല്‍ കോളേജിലെ അക്കാഡമിക് ബ്ലോക്കില്‍ 7 കോടി ചെലവഴിച്ച് അത്യാധുനിക കോവിഡ് ആശുപത്രി സ്ഥാപിച്ചത്. ഇതു കൂടാതെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം അടിയന്തരമായി ജീവനക്കാരുടെ തസ്തികള്‍ 273 സൃഷ്ടിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.