• admin

  • February 24 , 2020

വാഷിങ്ടണ്‍ :

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ മുഖംമൂടിധാരിയായ അക്രമിയുടെ വെടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു. ആറ് മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെത്തിയ മനീന്ദര്‍ സിങ് സാഹി (31) ആണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച രാവിലെ ലോസ് ആഞ്ചലസില്‍ മനീന്ദര്‍ ജോലി ചെയ്തിരുന്ന കടയിലാണ് സംഭവം. മോഷണത്തിനായി തോക്കുമായി കടയിലെത്തിയ അക്രമി മനീന്ദറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കടയിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും വിറ്റിയര്‍ പൊലീസ് അറിയിച്ചു. 

വെടിയുതിര്‍ത്തതിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

ഭാര്യയും രണ്ട് കുട്ടികളുമുണ്ട് മനീന്ദറിന്‌. അതേസമയം മനീന്ദറിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പേജിലൂടെ ധനസഹായം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.