• Lisha Mary

  • April 9 , 2020

തിരുവനന്തപുരം : കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിലെ പൊടിയം പട്ടികവര്‍ഗ കോളനി കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. കോളനി നിവാസികളുടെ ആവശ്യങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. അരിയും പലവ്യഞ്ജനങ്ങളും ലഭിക്കുന്നുണ്ടെങ്കിലും പച്ചക്കറികള്‍, മസാലപ്പൊടികള്‍ എന്നിവ ലഭിക്കുന്നില്ലെന്ന് കോളനി നിവാസികള്‍ പരാതിപ്പെട്ടു. ട്രൈബല്‍ പ്രൊമോട്ടര്‍ ഊരുകളില്‍ ചെന്ന് ഓരോ വീട്ടിലും എന്തൊക്കെയാണ് ലഭിക്കേണ്ടതെന്ന് ചോദിച്ചറിഞ്ഞ് അവ എത്തിച്ച് കൊടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അടുത്തദിവസങ്ങളിലേക്ക് എന്തെങ്കിലും വേണ്ടതുണ്ടോ എന്ന് പ്രത്യേകം അന്വേഷിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പണം കൊടുത്ത് വാങ്ങാനാകാത്തവര്‍ക്ക് അത് സൗജന്യമായി എത്തിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. കോവിഡ് രോഗപ്പകര്‍ച്ച പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്കൗട്ട് അവസാനിക്കുന്നതുവരെ ഊരുവിട്ട് ആരും പുറത്തേക്ക് പോകാന്‍ പാടില്ലെന്ന് കളക്ടര്‍ ബോധ്യപ്പെടുത്തി. അടിയന്തര വൈദ്യസഹായം പോലുള്ള ആവശ്യങ്ങള്‍ക്ക് വനംവകുപ്പിന്റെയോ പട്ടികവര്‍ഗ വികസന വകുപ്പിന്റെ വാഹനം അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാരിന്റ പതിനേഴിനങ്ങള്‍ അടങ്ങിയ കിറ്റ് എല്ലാ കുടുംബങ്ങള്‍ക്കും എത്തിച്ചു നല്‍കും. ആരോഗ്യപ്രവര്‍ത്തകര്‍ അടങ്ങിയ രണ്ട് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് രണ്ടു ദിവസം കൂടുമ്പോള്‍ എത്തി പരിശോധന നടത്തുന്നുണ്ട്. കെ.ശബരിനാഥന്‍ എംഎല്‍എ, കുറ്റിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ ജനപ്രതിനിധികളും കളക്ടറോട് അഭിപ്രായങ്ങള്‍ പങ്കുവച്ചു. പ്രദേശവാസികളില്‍ നിന്നും ശേഖരിച്ച വനവിഭവങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കേന്ദ്രവും കളക്ടര്‍ സന്ദര്‍ശിച്ചു. കുറ്റിച്ചല്‍ പഞ്ചായത്തില്‍ മുക്കോത്തിവയല്‍, പൊടിയം തുടങ്ങിയ പട്ടികവര്‍ഗ കോളനികളിലെ 27 ഊരുകളിലായി 586 കുടുംബങ്ങളിലെ 1659 പേരാണ് താമസിക്കുന്നത്്. വനംവകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ പേപ്പാറ റേഞ്ചില്‍ അഗസ്ത്യാര്‍കൂടം ചെക്ക്പോസ്റ്റുകഴിഞ്ഞ് വനത്തിന് എട്ട് കിലോമീറ്ററിനുള്ളിലായാണ് പൊടിയം പട്ടികവര്‍ഗ കോളനി സ്ഥിതിചെയ്യുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രദേശത്ത് മൂന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാരാണ് ഇവരുടെ ദൈനംദിന ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ച് മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.