• admin

  • January 21 , 2020

: തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കിയ കരടു വോട്ടര്‍ പട്ടികയില്‍ ആകെ 2.51 കോടി വോട്ടര്‍മാര്‍. 1.20 കോടി പുരുഷന്‍മാരും 1.30 കോടി സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 115 പേരുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയിലുളളത്. 941 പഞ്ചായത്തുകളിലേക്കും 86 നഗരസഭകളിലേക്കും ആറ് കോര്‍പറേഷനുകളിലേക്കുമുള്ള വോട്ടര്‍ പട്ടികയാണു പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്ലാത്തതിനാല്‍ മട്ടന്നൂര്‍ നഗരസഭയിലെ പട്ടിക മാത്രം ഒഴിവാക്കി. കഴിഞ്ഞ തദ്ദേശ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയിലേതിനെക്കാള്‍ 49,695 വോട്ടര്‍മാരുടെ വര്‍ധന കരടു പട്ടികയിലുണ്ട്. ഒട്ടേറെ തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിനായി പട്ടിക പുതുക്കിയതു കാരണമാണ് ഈ വര്‍ധന. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയാറാക്കിയ പട്ടികയിലേതിനെക്കാള്‍ 9,93,304 വോട്ടര്‍മാര്‍ തദ്ദേശ കരടു പട്ടികയില്‍ കുറഞ്ഞു. പഞ്ചായത്ത്, ബ്ലോക്ക്, വില്ലേജ്, താലൂക്ക് ഓഫീസുകളിലും കമ്മീഷന്റെ വെബ്‌സൈറ്റിലും (www.lsgelection.kerala.gov.in) കരടു പട്ടിക പരിശോധിക്കാം. ഈ മാസം ഒന്നിനോ മുന്‍പോ 18 വയസ് തികഞ്ഞവര്‍ക്കു പേരു ചേര്‍ക്കാം. പേരു ചേര്‍ക്കല്‍, തിരുത്തല്‍, വാര്‍ഡ് മാറ്റം എന്നിവയ്‌ക്കെല്ലാം ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ. ഫെബ്രുവരി 14 ആണ് അവസാന തീയതി.