• admin

  • July 13 , 2021

: സുഭിക്ഷകേരളം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി (വലിയ പരിചരണമുറകളൊന്നും ഇല്ലാതെ ചുരുങ്ങിയ ചിലവില്‍ കൃഷി ചെയ്യാം എന്നതിനാല്‍) ധാരാളം ആളുകള്‍ മരച്ചീനി നടുകയും തല്‍ഫലായി മെച്ചപ്പെട്ട വിളവ് ലഭിക്കുകയും ചെയ്തു. പക്ഷേ, ഹ്രസ്വസംഭരണശേഷിയുള്ള മരച്ചീനി കിഴങ്ങിന് വിപണി കണ്ടെത്താനാവാതെ, നിസ്സാരവിലയ്ക്ക് വില്‍ക്കുവാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. കൂടാതെ നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതക്രമത്തിലുണ്ടായിരുന്ന പ്രമുഖ സ്ഥാനം ഇല്ലാതായതും ഈ പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഒപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നാധിഷ്ഠിത സംരംഭങ്ങളുടെ അഭാവവും. തികച്ചും അനുകൂലമല്ലാത്ത ഇത്തരം സാഹചര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വരുംകാലങ്ങളില്‍ മൂല്യവര്‍ദ്ധനയുടേയും ഉല്‍പ്പന്നവൈവിധ്യവല്‍ക്കരണത്തിന്റെയും സാധ്യതകള്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്. അതിനായി ക്രിയാത്മകവും അവസരോചിതവുമായ പ്രാദേശിക കാര്‍ഷിക സംസ്‌ക്കരണ സംരംഭങ്ങള്‍ സുഭിക്ഷകേരളം പദ്ധതിയുടെ അനുബന്ധമായി ആസൂത്രണം ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ കാര്‍ഷികരംഗത്തെ ഉല്‍പ്പാദനവര്‍ദ്ധനവ്, ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ ആദായകരമാക്കാന്‍ സാധിക്കുകയുള്ളൂ. സംഭരണകാലം ഹ്രസ്വമായതിനാല്‍ പിഴുതെടുക്കുന്ന മരച്ചീനി 2-3 ദിവസത്തിനുള്ളില്‍ ഉപയോഗിക്കുകയോ സംസ്‌ക്കരിക്കുകയോ ചെയ്യേണ്ടതാണ്. തൊലികളഞ്ഞ് അരിഞ്ഞ് ഉണക്കുന്ന ചിപ്‌സ് (വെള്ളക്കപ്പ) ആറ് മാസംവരെയും തിളച്ച വെളത്തില്‍ വാട്ടിയെടുക്കുന്ന വാട്ടുകപ്പ ഒന്നുരണ്ടുവര്‍ഷം വരെയും സൂക്ഷിക്കാം. ഇപ്പോഴത്തെ പ്രവചനാതീതമായ കാലാവസ്ഥയും കാലംതെറ്റി പെയ്യുന്ന മഴയും ഉണക്കാനുള്ള ഡ്രയറുകളുടെ അനിവാര്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. രണ്ട് ടണ്‍ വരെ മരച്ചീനി ഉണക്കാവുന്ന ഡ്രയറുകള്‍ വിപണിയില്‍ ലഭ്യമാണ്. കര്‍ഷക കൂട്ടായ്മകള്‍ക്കോ സംരംഭകര്‍ക്കോ ഇത്തരം ഡ്രയറുകള്‍ സ്ഥാപിച്ച് ഒരു നിശ്ചിത യൂസര്‍ ഫീസ് (വാടക) ഈടാക്കി ഉണക്കിക്കൊടുക്കാവുന്നതാണ്. ഉണക്കക്കപ്പ പൊടിച്ച് (മരച്ചീനി മാവ്) മറ്റ് മൂല്യവര്‍ദ്ധിത വസ്തുക്കള്‍ ഉണ്ടാക്കാനുള്ള ചേരുവയായി ഉപയോഗിക്കാം. ഇത്തരം ഒരു സംരംഭം കേരള അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (കെ.എ.ഡി.എസ്.) തൊടുപുഴയില്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. രണ്ട് ടണ്‍ കപ്പാസിറ്റിയുള്ള ഡ്രയര്‍ ഉപയോഗിച്ച് 725 കി.ഗ്രാം കപ്പ സംസ്‌ക്കരിച്ച് വാട്ടുകപ്പയാക്കി മാറ്റിയപ്പോള്‍ ഏകദേശം 3000 രൂപയോളം ആദായം ലഭ്യമാകുമെന്ന് കെ.എ.ഡി.എസ്. ചെയര്‍മാന്‍ ശ്രീ. ആന്റണി മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപ്പേരിക്കപ്പ, അവലുകപ്പ തുടങ്ങിയ രൂപത്തിലും ഉണക്കിയെടുത്ത് ആകര്‍ഷകമായ പായ്ക്കറ്റുകളിലാക്കി വിപണനം ചെയ്യാവുന്നതാണ്. മരച്ചീനി മാവില്‍ നിന്ന് വൈവിധ്യങ്ങളായ നിരവധി ബാക്കറി-വറവ്-പാസ്ത-ന്യൂഡില്‍സ്-എക്‌സ്ട്രൂഡഡ് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. അരിപ്പൊടി കൂട്ടിച്ചേര്‍ത്ത് സ്വാദിഷ്ഠമായ പുട്ടുപൊടി, മൈദ, കടലമാവ്, അരിപ്പൊടി എന്നിവ നിശ്ചിത അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മരച്ചീനി പക്കാവട, മിക്‌സ്ചര്‍ (എരുവ്-മധുരം), മുറുക്ക്, മധുര സേവ, കാരസേവ, ഡൈമണ്‍ കട്ട്, ന്യൂട്രിചിപ്‌സ് തുടങ്ങി വറവുല്‍പ്പന്നങഅങള്‍, സാഗോപൊടി ചേര്‍ത്തോ അല്ലാതെയോ പപ്പടം, പുതുതലമുറകളുടെ ഇഷ്ടഭക്ഷണമായ പാസ്ത-ന്യൂഡില്‍സ്, ഗ്ലൂട്ടണ്‍ ഫ്രീ ഉല്‍പന്നങ്ങള്‍, എണ്ണമയമില്ലാത്ത എക്‌സ്ട്രൂഡഡ് ഉല്‍പ്പന്നങ്ങള്‍, ബിസ്‌ക്കറ്റ്, കുക്കീസ്, കേക്ക്, ബ്രെഡ് തുടങ്ങിയവയും ലാഭകരമായി ഉണ്ടാക്കാവുന്നതാണ്. പൊട്ടറ്റോ ചിപ്‌സിനോട് കിടപിടിക്കുന്ന മൃദുവും കറുമുറുപ്പുള്ളതും ആയ മരച്ചീനി ചിപ്‌സ് ഉണ്ടാക്കാന്‍ പ്രത്യേക സാങ്കേതിക വിദ്യകളുണ്ട്. 3-5 മിനിറ്റിനുള്ളില്‍ പാകം ചെയ്യാവുന്ന വാട്ടുകപ്പയും ഉണ്ടാക്കാം. ഉപ്പുമാവ്, കേസരി തുടങ്ങിയ സ്വാദിഷ്ട വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന റവ വളരെ ലളിതമായി നിര്‍മ്മിക്കാന്‍ കഴിയും. യാതൊരു പ്രിസര്‍വ്വേറ്റീവ്‌സും ചേര്‍ക്കാതെ ദീര്‍ഘസംഭരണ കാലമുള്ള നിരവധി മൂല്യവര്‍ദ്ധിത ഭക്ഷ്യോത്പന്നങ്ങള്‍ വ്യത്യസ്ത തലമുറകളുടെ ഇഷ്ടത്തിനും രുചിഭേദങ്ങള്‍ക്കും അനുസരിച്ച് ഉണ്ടാക്കാവുന്നതാണ്. പക്ഷേ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പായ്ക്കറ്റുകളില്‍ മിതമായ നിക്കില്‍ ഗുണമേന്മയോടെ മാര്‍ക്കറ്റില്‍ എത്തിക്കണമെന്ന് മാത്രം. എങ്കില്‍ മാത്രമേ മത്സരാധിഷ്ഠിതമായ ഇന്നത്തെ കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാനും മുന്നേറാനും കഴിയുകയുള്ളൂ. മരച്ചീനി അധിഷ്ഠിതമായ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രായോഗിക പരിശീലനം തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്നതാണ്. കൂടാതെ അവിടുത്തെ സാങ്കേതിക-സംരംഭകത്വ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചെറിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി മാര്‍ക്കറ്റ് സാധ്യതകള്‍ പഠിക്കാനും സാധിക്കും. ഈ രംഗത്ത് കാലെടുത്ത് വെക്കുന്ന നവസംരംഭകര്‍ക്ക് പരിശീലനവും ആത്മവിശ്വാസവും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. മൈക്രോ ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതരത്തിലുള്ള വിവിധ ബിസിനസ്സ് മോഡലുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ്. സംരംഭകരുടെ മുതല്‍മുടക്കാനുള്ള ശേഷിയനുസരിച്ച് ഈ മാതൃകകളില്‍ മാറ്റം വരുത്തുകയും ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. E-mail : sajeevctcri@gmail.com, Mob : 9446102911 സജീവ് എം.എസ്. & കൃഷ്ണകുമാര്‍ ടി. (ഐ.സി.എ.ആര്‍. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, തിരുവനന്തപുരം)