• Lisha Mary

  • March 5 , 2020

തിരുവനന്തപുരം :

കടൽത്തീര സംരക്ഷണത്തിന്‌ "ഓഫ്‌ ഷോർ ബ്രേക്ക്‌ വാട്ടർ' സംവിധാനത്തിലുള്ള ജിയോ ട്യൂബ്‌ ഉപയോഗപ്പെടുത്താൻ സർക്കാർ. കടൽഭിത്തി നിർമാണത്തിന്‌ കരിങ്കലും മറ്റും ഉപയോഗിക്കുന്നത്‌ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ കണക്കിലെടുത്താണ്‌ പുതിയ ചുവടുവയ്‌പ്‌. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി ഈ മാസംതന്നെ ആദ്യ പദ്ധതി പൂന്തുറയിൽ ആരംഭിക്കുമെന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ നിയമസഭയിൽ പറഞ്ഞു. കെ രാജൻ എംഎൽഎയുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

പദ്ധതിയുടെ ടെണ്ടർ കിട്ടി അംഗീകാരം നൽകിയിട്ടുണ്ട്‌.  ഇതിനായി കിഫ്‌ബി 150 കോടി ലഭ്യമാക്കി. 17 കോടിയാണ്‌ പൂന്തുറയിൽ അനുവദിച്ചത്‌. പൂന്തുറ മുതൽ വലിയതുറ വരെയുള്ള 700 മീറ്റർ പദ്ധതി വിജയിച്ചാൽ ഡിസംബർ മാസത്തിൽ ശംഖുമുഖംവരെ ഓഫ്‌ ഷോർ ബ്രേക്ക്‌ വാട്ടർ സംവിധാനം ഏർപ്പെടുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ആറ്‌ കിലോമീറ്റർ ദൂരമാണ്‌ ഇവിടേക്ക്‌ ഉള്ളളത്‌. പാറയിട്ട്‌ തീരം സംരക്ഷിക്കുക എന്ന രീതിയിൽനിന്ന്‌ എന്നെന്നേക്കുമായി മാറ്റം വരുത്തുന്ന പദ്ധതിയായിരിക്കും ഇത്‌. വിശാഖപട്ടണം, ചെന്നൈ, കടലൂര്‌ എന്നിവിടങ്ങളിൽ നടപ്പാക്കി വിജയിച്ചതാണ‌് ഓഫ്ഷോർ ബ്രേക്ക് വാട്ടർ സംവിധാനം. - മന്ത്രി പറഞ്ഞു.