• Lisha Mary

  • March 24 , 2020

കല്‍പ്പറ്റ : റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവ അടച്ചിടുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മറ്റ് ജില്ലകളില്‍ ക്വാറന്റൈയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ ജില്ലയിലെ ഇത്തരം സ്ഥാപനങ്ങളില്‍ മുറിയെടുത്ത് കഴിയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. ഇത്തരം സ്ഥാപങ്ങള്‍ അടിയന്തരഘട്ടത്തില്‍ കോവിഡ് കെയര്‍ സെന്ററുകളായി ഉപയോഗപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാപനങ്ങളുടെ താക്കോല്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരെ ഏല്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ അഗതികളുടെ സുരക്ഷ ഉറപ്പാക്കണം തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അഗതികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്റ്റര്‍ ഉത്തരവിട്ടു. ഇവരെ മാറ്റി പാര്‍പ്പിക്കുന്നതിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഭിന്നലിംഗക്കാര്‍ക്കും കെട്ടിടങ്ങള്‍ കണ്ടെത്തണമെന്ന് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇക്കാര്യം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ഹോട്ടലുകളില്‍ ഭക്ഷണപൊതി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍ നല്‍കണം. ഭക്ഷണം പൊതിയാന്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അതത് പ്രദേശങ്ങളിലെ തുറന്ന് പ്രവര്‍ത്തിക്കേണ്ട ഹോട്ടലുകലുടെ ലിസ്റ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കണം. ആളുകള്‍ ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായും അങ്ങാടികളില്‍ അടച്ചിടുന്ന പ്രവണത ഒഴിവാക്കാനാണ് ദിവസങ്ങള്‍ ഇടവിട്ട് തുറക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടും കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്  ജില്ലയിലെ ദന്ത ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിടുന്നതിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഉത്തരവ് നടപ്പിലാവുന്നത് ഉറപ്പു വരുത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചു.