• admin

  • February 19 , 2020

നോം പെന്‍ :

കൊറോണ വൈറസ് ബാധ വ്യാപകമായതിനെ തുടര്‍ന്ന് കമ്പോഡിയയില്‍ കുടുങ്ങിയ ആഢംബര കപ്പല്‍ എംഎസ് വെസ്റ്റര്‍ഡാമിലെ യാത്രക്കാരുടെ പരിശോധന പൂര്‍ത്തിയായി. 781 യാത്രക്കാരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ കപ്പലിലെ യാത്രക്കാര്‍ക്ക് ആര്‍ക്കും വൈറസ് ബാധയില്ലെന്ന് വ്യക്തമായി. കംബോഡിയ ആരോഗ്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കപ്പലിലെ യാത്രക്കാര്‍ക്ക് കഴിഞ്ഞ ദിവസം കമ്പനിയുടെ വക പ്രത്യേക അത്താഴവിരുന്ന് ഒരുക്കിയിരുന്നു. കംബോഡിയ ഗതാഗത മന്ത്രി അടക്കമുള്ള പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു. യാത്രക്കാര്‍ക്ക് പ്രത്യേക ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു.

ഹോങ്കോങ്ങില്‍നിന്ന് ജപ്പാനിലെ യോക്കോഹാമയിലേക്ക് പുറപ്പെട്ട എംഎസ് വെസ്റ്റര്‍ഡാമിന് കൊറോണ രോഗ ഭീതിയില്‍ ഫിലിപ്പിന്‍സ്, ജപ്പാന്‍, തായ്ലാന്‍ഡ് അടക്കമുള്ള രാജ്യങ്ങള്‍ കപ്പലിന് തീരത്തടുപ്പിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഒടുവിലാണ് കപ്പലിന് കംബോഡിയ അഭയം നല്‍കിയത്. തുടര്‍ന്ന് ഇവിടെ നിന്ന് യാത്രക്കാരെ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയയ്ക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

കപ്പലില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരെയും തിരിച്ചയയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി കപ്പല്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ കപ്പല്‍ ഉള്ളത് കംബോഡിയയിലെ സിഹനൗകവില്ലിലാണ്. ഇനി കപ്പല്‍ ജീവനക്കാരായ 747 പേരുടെ പരിശോധനകൂടി പൂര്‍ത്തിയാകുന്നതുവരെ കപ്പല്‍ ഇവിടെ തുടരും.