• Lisha Mary

  • April 2 , 2020

തിരുവനന്തപുരം :

ഏപ്രില്‍ രണ്ടിന് തൃശൂര്‍ ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു പ്രദേശത്തെ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാള്‍ 4.5 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വര്‍ധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് ഉഷ്ണതരംഗം അഥവാ താപതരംഗം. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ആയതിനാല്‍ തൃശൂര്‍ ജില്ലയിലും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അഭ്യര്‍ത്ഥിച്ചു. 

2020 ഏപ്രില്‍ രണ്ടു മുതല്‍ ഏപ്രില്‍  നാലു വരെ കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാള്‍ 3  മുതല്‍ 4  ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 2 മുതല്‍ 3  ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 3, 4 തീയതികളില്‍ 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെയും  ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍  ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും (Humidity) താപസൂചിക (Heat Index) ഉയര്‍ത്തുന്ന ഘടകമാണ്. സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

സംസ്ഥാനത്ത് കോവിഡ്-19 ജാഗ്രതയുടെ ഭാഗമായുള്ള ലോക്ക് ഡൌണ്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറംജോലികളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കമ്മ്യൂണിറ്റി കിച്ചണില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേകമായ കരുതലും ജാഗ്രതയും പാലിക്കുക. ആവശ്യമായ വിശ്രമത്തോടെയും തണല്‍ ഉറപ്പു വരുത്തിയും മാത്രം ജോലിയില്‍ ഏര്‍പ്പെടുക. ധാരാളമായി ശുദ്ധജലം കുടിക്കുക. പൊതുജനങ്ങള്‍ ഇവരോട് സഹകരിക്കുക.

ഉഷ്ണ തരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന തൃശൂര്‍ ജില്ലയില്‍ ആരും പുറത്തിറങ്ങുകയോ നേരിട്ട് വെയിലേല്‍ക്കുകയോ ചെയ്യാതിരിക്കേണ്ടതാണ്. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തണല്‍ ഉറപ്പ് വരുത്തി, ശരീരം തണുപ്പിച്ച് കൊണ്ട് മാത്രം ഡ്യൂട്ടി തുടരാന്‍ നിര്‍ദേശിക്കുന്നു. ധാരാളമായി വെള്ളം കുടിക്കുകയും തണലില്‍ വിശ്രമിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ലോക്ക് ഡൗണിന്റെ ഭാഗമായി വീട്ടിലിരിക്കുന്നവര്‍ പകല്‍ 11 മണി മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കേണ്ടതാണ്.

വീട്ടില്‍ ഇരിക്കുന്നവരും ധാരാളമായി ശുദ്ധജലം കുടിക്കുക. വീട്ടിലും മുറികളിലും വായുസഞ്ചാരം ഉറപ്പാക്കുക.നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം, ചായ, കാപ്പി പോലെയുള്ള പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.