കൽപറ്റ : ദൃശ്യഭംഗിയാൽ മാത്രം സിനിമയ്ക്ക് കലാമൂല്യവും ലാവണ്യബോധവും ഉണ്ടാകില്ലെന്ന് നോവലിസ്റ്റും സോഷ്യൽ സയന്റിസ്റ്റുമായ സി എസ് ചന്ദ്രിക.എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗൺസിൽ വയനാടും സംയുക്തമായി ഒപ്പറ ഫിലിം സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ ഏകദിന ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ അടിമത്തം,കാലാവസ്ഥാ അഭയാർഥിത്വം,സ്വത്വനഷ്ടം,പൊമ്പിളൈ ഒരുമ സമരം എന്നീ വിഷയങ്ങൾ പ്രശ്നവൽക്കരിക്കുന്ന, രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത ‘മണ്ണ് ‘ ഡോക്യുമെന്ററിയായിരുന്നു ഉദ്ഘാടന ചിത്രം. സിനിമയ്ക്ക് ഒരു രാഷ്ട്രീയ സൗന്ദര്യശാസ്ത്രമുണ്ടെന്നും അത് കൃത്യമായി പ്രതിഫലിച്ച ഡോക്യുമെന്ററി സിനിമയാണ് മണ്ണ് എന്നും സി എസ് ചന്ദ്രിക ചൂണ്ടിക്കാട്ടി.
അടിച്ചമർത്തപ്പെട്ട ജനതയുടെ അമർഷം സംഘടിത പോരാട്ടമായി ഉയരുമ്പോൾ കോർപറേറ്റുകളും രാഷ്ട്രീയപാർട്ടികളും മതവും ജാതി ഘടകങ്ങളും ചേർന്ന് ആ പോരാട്ടത്തെ ചിതറിച്ചുകളയുന്നതെങ്ങനെ എന്ന് രാഷ്ട്രീയസൗന്ദര്യശാസ്ത്രത്തോടെ വ്യക്തമാക്കുന്ന ഡോക്യുമെന്ററിയാണ് ‘ മണ്ണ്’ എന്നും സി എസ് ചന്ദ്രിക വ്യക്തമാക്കി. തുടർന്ന് നടന്ന ഓപ്പൺ ഫോറം പുതിയചിത്രമായ ‘കാടു ‘ – ന്റെ സംവിധായകനും തിയേറ്റർ ആർട്ടിസ്റ്റുമായ സുനീഷ് വടക്കുമ്പാടൻ ഉദ്ഘാടനം ചെയ്തു.ഓപ്പൺ ഫോറത്തിൽ ‘മണ്ണ് ‘ ഡോക്യുമെന്റെറിയുടെ സംവിധായകൻ രാംദാസ് കടവല്ലൂർ പങ്കെടുത്തു.ഫ്രീലാൻസ് ജേണലിസ്റ്റ് ആശ വി സി മോഡറേറ്ററായിരുന്നു.അഞ്ചുവർഷം കൊണ്ട് പൂർത്തീകരിച്ച ഡോക്യുമെന്ററിയാണ് ‘മണ്ണ് ‘ എന്ന് രാംദാസ് കടവല്ലൂർ പറഞ്ഞു.മണ്ണ് എന്നത് വെറും ഭൂമിശാസ്ത്രപരമായ ഒരു ഘടകം മാത്രമല്ലെന്നും നിലനിൽപ്പിന്റെയും സംസ്കാരത്തിന്റെയും അടിത്തറയാണെന്നും രാംദാസ് വ്യക്തമാക്കി.ഇന്ത്യൻ സമാന്തര സിനിമകളിൽ ഭൂരിപക്ഷവും ജൻമിത്വത്തിന്റെ തകർച്ചയും പറുദീസാനഷ്ടവും വിലാപങ്ങളുടെ ഏകപക്ഷീയതയും മാത്രമാണ് ദൃശ്യവൽക്കരിച്ച് പ്രശ്നവൽക്കരിച്ചതെന്നും, ഇന്ത്യൻ ജാതിവ്യവസ്ഥ അരിക് വൽക്കരിച്ച് ചവിട്ടിത്താഴ്ത്തിയ/ താഴ്ത്തുന്ന മനുഷ്യരെ കൃത്യമായി അഭിസംബോധന ചെയ്ത സിനിമകൾ തീരെയും കുറവാണെന്നും തമിഴ്സിനിമ ഇതിനൊരപവാദമാണെന്നും രാംദാസ് ഓപ്പൺ ഫോറത്തിൽ പറഞ്ഞു.ഗാഡ്ഗിൽ റിപ്പോർട്ട്, ഭാഷയിലെ ജാതീയത,ഇന്ത്യൻ സമാന്തര സിനിമയിലെ ബ്രാഹ്മണിക് ഐഡിയോളജി എന്നീ വിഷയങ്ങൾ ഓപ്പൺ ഫോറത്തിൽ ചർച്ചയായി.
ചടങ്ങിൽ വയനാട് ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മണികണ്ഠൻ സി അധ്യക്ഷനായിരുന്നു.എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഡവലപ്പ്മെന്റ് കോർഡിനേറ്റർ ഡോ വിപിൻദാസ് സ്വാഗതം പറഞ്ഞു.ഒപ്പറ ഫിലിം സൊസൈറ്റി ജോയിന്റ് സെക്രട്ടറി അരുൺ കെ എ,ട്രൈബൽ ഡവലപ്മെന്റ് ആക്ഷൻ കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ഗോവിന്ദൻ മേപ്പാടി എന്നിവർ ആശംസകൾ നേർന്നു.ഒപ്പറ ഫിലിം സൊസൈറ്റി സെക്രട്ടറി അറവൻ നന്ദി പ്രകാശിപ്പിച്ചു. മണ്ണ് മരം മനസ്സ് എന്ന ആശയത്തിൽ നടന്ന ചലച്ചിത്രമേളയിൽ തുടർന്ന് സ്വീഡിഷ് ചിത്രം സമി ബ്ലഡ് പ്രദർശിപ്പിച്ചു. സ്വീഡനിലും ഫിൻലൻഡിലും റെയിൻ ഡിയേഴ്സിനെ മേച്ച് നടക്കുന്ന സമി ഗോത്രത്തിന്റെ ജീവിതത്തെ പ്രതിപാദിക്കുന്ന ചിത്രത്തിന്റെ സംവിധായിക അമാൻഡ കെർണലും സമി വംശജയാണ്
