• admin

  • February 16 , 2020

  കോട്ടയം :

ജില്ലയിൽ അന്തരീക്ഷ താപനില ശരാശരിയിലും ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. ധാരാളം വെള്ളം കുടിക്കുകയും എപ്പോഴും കുപ്പിയിൽ വെള്ളം കരുതുകയും ചെയ്യണം. നിർജലീകരണം വർധിപ്പിക്കുന്ന മദ്യം പോലുള്ള പാനിയങ്ങൾ ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ പി കെ സുധീർബാബു അറിയിച്ചു.

പ്രായമായവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ശ്രദ്ധ പുലർത്തണം. പകൽ 11 മുതൽ മൂന്നുവരെ കുട്ടികളെ പുറത്തിറക്കരുത്‌ സ്കൂളിലും പരീക്ഷാ ഹാളിലും ശുദ്ധജല ലഭ്യതയും വായുസഞ്ചാരവും ഉറപ്പ് വരുത്തണം. അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കാനുള്ള സജ്ജീകരണങ്ങൾ പഞ്ചായത്ത് അധികൃതരും ജീവനക്കാരും ഏർപ്പെടുത്തണം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ ആവശ്യത്തിന് വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. പകൽ സമയത്ത് സഞ്ചരിക്കുന്നവർ തൊപ്പിയോ കുടയോ ഉപയോഗിക്കണം. ഇവർക്ക് കുടിവെള്ളം ലഭ്യമാക്കാൻ യുവജന, സാംസ്കാരിക, സാമൂഹിക സംഘടനകളും കൂട്ടായ്മകളും മുൻകൈ എടുക്കണം.

 തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമീഷണർ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാൻ തൊഴിൽദാതാക്കൾ ശ്രദ്ധിക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും തണലും വെള്ളവും ലഭ്യമാക്കണം. വളർത്ത്‌ മൃഗങ്ങൾക്ക് ചൂടുമൂലം തളർച്ചയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ നേരിട്ടാൽ പ്രഥമ ശുശ്രൂഷ നൽകുകയും വൈദ്യസഹായം ലഭ്യമാക്കുകയും വേണം.