• admin

  • January 12 , 2020

: കാഠ്മണ്ഡു: ഇന്ത്യയ്ക്കും ചൈനയ്ക്കും എതിര്‍പ്പുള്ള പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി നേപ്പാള്‍. സന്തുലിതമായ വിദേശനയത്തിന്റെ ഭാഗമായാണ് നേപ്പാള്‍ സാമൂഹ്യക്ഷേമ സമിതിയുടെ തീരുമാനം. ഇന്ത്യയ്ക്കും ചൈനയ്ക്കും എതിര്‍പ്പുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനു വിദേശ എന്‍ജിഒകളെ തടയുന്നതാണു നിയമം. ഇതിന്റെ കരടുരേഖയാണു തയാറായത്. എന്‍ജിഒകളുടെ റജിസ്‌ട്രേഷന്‍ സംബന്ധിച്ച നിയമത്തില്‍ ഭേദഗതികള്‍ വരുത്തുമെന്നും സാമൂഹ്യക്ഷേമ സമിതി അധികൃതര്‍ അറിയിച്ചു. വടക്കും തെക്കും വലിയ ജനസംഖ്യയുള്ള രണ്ടു വലിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണു നേപ്പാള്‍. സന്തുലിതമായ ബന്ധം നിലനിര്‍ത്താനുള്ള നേപ്പാളിന്റെ വിദേശ നയത്തിന്റെ ഭാഗമായി ഈ രണ്ടു രാജ്യങ്ങളും എതിര്‍ക്കുന്ന പദ്ധതികള്‍ നടപ്പിലാക്കില്ലെന്ന് നയത്തിന്റെ കരട് ഉദ്ധരിച്ച് കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളില്‍ എന്‍ജിഒകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലുള്ള ഇന്ത്യയുടെയും ചൈനയുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനാണു നിര്‍ദ്ദിഷ്ട നയമെന്നും സാമൂഹ്യക്ഷേമ സമിതി ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ദുര്‍ഗ പ്രസാദ് ഭട്ടറായി പറഞ്ഞു. മദ്രസകളും ആശ്രമങ്ങളും പണിയുന്നതിന്റെ പേരില്‍ എന്‍ജിഒകള്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നേപ്പാള്‍ സര്‍ക്കാരിനും ആശങ്കയുണ്ടെന്ന് ഉറപ്പിക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ മദ്രസകള്‍ പണിയുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നാണ് ഇവയ്ക്കുള്ള ഫണ്ട് ലഭിക്കുന്നതെന്നാണ് സമിതിയുടെ വിശദീകരണം. വിദേശ നിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് നേപ്പാള്‍ പ്രതിജ്ഞാബദ്ധമാണെന്നും സമിതിയംഗം രാജ്കുമാര്‍ പൗഡല്‍ പറഞ്ഞു. രാജ്യത്ത് മതപരമായ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ നിരുത്സാഹപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യക്ഷേമ സമിതി മറ്റൊരു നയം തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.