• admin

  • January 25 , 2020

ഇടുക്കി :

അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കുമെന്നും ഇതിനായി പട്ടയമേളകൾ തുടരുമെന്നും റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഇടുക്കി ജില്ലാ മെഗാ പട്ടയമേള, കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരമേറ്റ് മൂന്നര വർഷത്തിനുള്ളിൽ നാല് പട്ടയമേളകളാണ് നടത്തിയത്.
വരുന്ന മാർച്ച് മാസത്തിലും പിന്നീട് വർഷാവസാനവുമായി രണ്ട് പട്ടയമേളകൾ കൂടി നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന്  ചെയിൻ മേഖലകളിലെ നാലായിരത്തോളം പേർക്ക് പട്ടയം നല്കാനുള്ള ശ്രമം നടന്നു വരുന്നു. കുറ്റിയാർവാലിയിലെ ഭൂപ്രശ്നം പരിഹരിച്ചു വരുന്നു. അർഹരായവരിൽ ആദ്യത്തെ 500 പേർക്ക് ഭൂമി നല്കി കഴിഞ്ഞു. ഇനി 1500 ഓളം പേർക്കുള്ള ഭൂമി വിതരണ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പട്ടയ വിതരണത്തിനായി അഹോരാത്രം പ്രയത്നിച്ച ജില്ലാ ഭരണകൂടത്തെയും ഉദ്യോഗസ്ഥരെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.  കോഴിമല സെറ്റിൽമെന്റ് കോളനിയിലെ രാജപ്പൻ വാഴേപ്പറമ്പിലിന് വനവിഭവ ശേഖരണ അവകാശ രേഖ കൈമാറിക്കൊണ്ട് മന്ത്രി. ഇ ചന്ദ്രശേഖരൻ പട്ടയ വിതരണം  ഉദ്ഘാടനം ചെയ്തു. പ്രളയബാധിതർക്കായി ഭൂമി സൗജന്യമായി വിട്ടു നല്കിയ സുമനസുകളെ മന്ത്രി വേദിയിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
 വൈദുതി വകുപ്പ് മന്ത്രി എം.എം മണി  അധ്യക്ഷത വഹിച്ചു. 10 ചെയിൻ മേഖലകളിൽ പൂർണ്ണമായും പട്ടയം നല്കുന്നതിന് വൈദ്യുതി ബോർഡിന് തടസമില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കണമെന്നാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.