• Lisha Mary

  • April 15 , 2020

ന്യൂഡല്‍ഹി : വവ്വാലുകള്‍ക്ക് നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് രോഗം പകരാന്‍ കഴിയുകയില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. രാജ്യത്ത് കൊറോണ വൈറസ് വാഹകരായ രണ്ടിനം വവ്വാലുകളെ നിരീക്ഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് മനുഷ്യരിലേക്ക് വൈറസ് ബാധ പകര്‍ത്താനാവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയതായി ഐസിഎംആര്‍ വെളിപ്പെടുത്തിയത്. കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള വവ്വാലുകളിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. റൂസെറ്റസ്, പെറ്ററോപസ് വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനായി എന്നതാണ് ഐസിഎംആറിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഉണ്ടാവില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയത്. അപൂര്‍വ്വം കേസുകളില്‍ മാത്രമാണ് വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് ബാധ ഉണ്ടാവൂ. ഇത് ചിലപ്പോള്‍ ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാകാമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു. വവ്വാലുകളില്‍ ഉണ്ടായ ജനിതകമാറ്റം കൊണ്ടാണ് കൊറോണ വൈറസ് രൂപം കൊണ്ടത് എന്നാണ് ചൈനയിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വവ്വാലുകളില്‍ നിന്നും ഈനാംപേച്ചിയിലേക്കും അതില്‍ നിന്ന് മനുഷ്യരിലേക്കുമാകാം വൈറസ് ബാധ ഉണ്ടായതെന്നാണ് ചൈനീസ് പഠനം വ്യക്തമാക്കുന്നതെന്നും ഐസിഎംആര്‍ ചൂണ്ടിക്കാണിക്കുന്നു.