• admin

  • February 3 , 2020

വൈത്തിരി : കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി കാരാപ്പുഴ, ബാണാസുര ഉള്‍നാടന്‍ ഫിഷറീസ് പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ക്ക് മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബാണാസുര സംഘത്തിനുള്ള വിതരണം തളിപ്പുഴയില്‍ സി കെ ശശീന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. നേരത്തെ കാരാപ്പുഴ സംഘത്തിനുള്ള വിതരണം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി നെല്ലാറച്ചാലില്‍ ഉദ്ഘാടനം ചെയ്തു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അദ്ധ്യക്ഷയായി. പദ്ധതിയുടെ ഭാഗമായി കാരാപ്പുഴ റിസര്‍വ്വോയറില്‍ 12.08 ലക്ഷവും ബാണാസുര റിസര്‍വ്വോയറില്‍ 12.77 ലക്ഷവും കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ ഈ വര്‍ഷം നിക്ഷേപിച്ചിരുന്നു. ജലസംഭരണികളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും ആദിവാസി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘം വഴി നിരവധി പേര്‍ക്ക് ജീവനോപാധിയാവാനും ഈ പദ്ധതി വഴി സാധിക്കും. കൂടാതെ ജനങ്ങള്‍ക്ക് മികച്ചതും മായമില്ലാത്തതുമായ മാംസ്യാഹാര സ്രോതസ് എന്ന നിലയില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും ഇതിലൂടെ സാധിക്കും. 5 വീതം കൊട്ടത്തോണികള്‍, ഗില്‍നെറ്റ്, ഇലക്ട്രോണിക് ബില്ലിങ് മെഷീന്‍, വെയിങ് മെഷീന്‍ എന്നിവയാണ് വിതരണം ചെയ്തത്. ജില്ലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഫിഷറീസ് വകുപ്പിന്റെ സംഘങ്ങള്‍ക്കുള്ള മത്സ്യബന്ധന അനുബന്ധ ഉപകരണങ്ങളുടെയും വിതരണം നടത്തിയത്.