• admin

  • February 26 , 2020

ന്യൂഡൽഹി :

ഡൽഹിയിലെ കലാപങ്ങളുടെ പശ്ചാത്തലത്തിൽ അടിയന്തരമായി അർദ്ധരാത്രി ഡൽഹി ഹൈക്കോടതി ഹർജി പരിഗണിച്ചു. കലാപങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ചികിത്സ കിട്ടാൻ ഒരു വഴിയുമില്ലെന്നും, അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. രാത്രി കോടതി തുറക്കാൻ നിർവാഹമില്ലാത്തതിനാൽ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിന്‍റെ വീട്ടിൽ വച്ചാണ് കോടതി വാദം കേട്ടത്. അടിയന്തരമായി ചികിത്സ ഉറപ്പാക്കണമെന്നും, ഉച്ചയോടെ തത്സമയ വിവരറിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഡൽഹി പൊലീസിന് കർശന നിർദേശം നൽകി.

രാത്രി 12.30-യ്ക്ക് തുടങ്ങിയ വാദത്തിലേക്ക് ഡൽഹി ജോയന്‍റ് കമ്മീഷണർ അലോക് കുമാറിനെയും ക്രൈം ചുമതലയുള്ള ഡിസിപി രാജേഷ് ദിയോയെയും കോടതി വിളിച്ച് വരുത്തി. ദില്ലി സർക്കാരിന് വേണ്ടി സർക്കാർ അഭിഭാഷകനായ സഞ്ജയ് ഘോസാണ് ഹാജരായത്. കേസ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും പരി​ഗണിക്കും.

ഡൽഹി കലാപം സംബന്ധിച്ച കേസ് സുപ്രീംകോടതിയും ഇന്നു പരി​ഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ ​കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിക്കുന്നത്.  കലാപം സംബന്ധിച്ച് സുപ്രീംകോടതി നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, മുന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള, ഷഹീന്‍ബാഗ് സ്വദേശി ബഹദൂര്‍ അബ്ബാസ് നഖ് വി എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഷഹീൻബാ​ഗ് ഒഴിപ്പിക്കണമെന്ന ഹർജിയും സുപ്രീംകോടതി ഇന്ന് പരി​ഗണിക്കുന്നുണ്ട്.