• admin

  • February 24 , 2020

ന്യൂഡല്‍ഹി :

പൗരത്വ യിയമ ഭേദഗതിക്ക് എതിരായ സമരത്തിനിടെ ഉത്തര്‍പ്രദേശിലെ അലിഗഡിലും കല്ലേറ്. പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മുഹമ്മദലി റോഡില്‍ ശനിയാഴ്ച മുതല്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ സമരം നടത്തി വരികയാണ്. ഇവരെ ഇവിടെനിന്നും പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു.

പ്രതിഷേധക്കാര്‍ക്ക് ടെന്റ് കെട്ടി താമസിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ഇവര്‍ കോട്‌വാലി പൊലീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അനുവാദം നിഷേധിച്ചതോടെ സ്ത്രീകള്‍ അടക്കമുള്ളവര്‍ പൊലീസ് സ്‌റ്റേഷനു മുന്നില്‍ ധര്‍ണയിരിക്കുകയായിരുന്നു. ഇവരെ നീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അലിഗഡ് സര്‍വകലാശാലയിലെ പെണ്‍കുട്ടികളാണ് സംഘര്‍ഷത്തിന് പിന്നിലെന്നും അവരെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും അലിഗഡ് കലക്ടര്‍ ചന്ദ്രഭൂഷണര്‍ പറഞ്ഞു.

നേരത്തെ, ഡല്‍ഹിയിലെ ജാഫറാബാദില്‍ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ജാഫറാബാദിന് സമീപം മൗജ്പൂരിലാണ് സംഘര്‍ഷം നടന്നത്. പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ റാലി കടന്നുപോകുന്നതിനിടെയാണ് ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്. കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ജല പീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചു.