• admin

  • July 2 , 2020

എറണാകുളം : എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു ഓര്‍മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന എസ്‌എഫ്‌ഐ നേതാവിന്‍റെ കൊലപാതകക്കേസില്‍ 16 പ്രതികള്‍ അറസ്റ്റിലായെങ്കിലും പ്രധാന തെളിവായ കത്തി തേടിയുള്ള അന്വേഷണത്തിലാണ് ഇപ്പോഴും പൊലീസ്. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45നായിരുന്നു എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ വെച്ച്‌ അഭിമന്യുവിന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റത്. മറ്റൊരു എസ്.എഫ്.ഐ നേതാവായ അര്‍ജുനും കുത്തേറ്റിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രധാന പ്രതി സഹല്‍ ഹംസ കീഴടങ്ങിയത്. 16 പ്രതികളാണ് ഇതിനോടകം പിടിയിലായത്. സംഭവം നടന്ന്‌ 85ാം ദിവസം 1500 പേജുള്ള ആദ്യഘട്ട കുറ്റപത്രം നല്‍കിയിരുന്നു. കേസിന്‍റെ വിചാരണ മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങും. എറണാകുളം സെന്‍ട്രല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് എ.സി.പി എസ്.ടി. സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസിന് ഇനിയും കണ്ടെത്താന്‍ ആയിട്ടില്ല. സഹല്‍ കീഴടങ്ങിയതിന് ശേഷം പൊലീസ് വേമ്പനാട്ട് പരിശോധന നടത്തിയിരുന്നു. വെണ്ടുരുത്തി പാലത്തിന് സമീപം അഗ്നിശമന സേനയുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും തെരച്ചില്‍ തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു.